പൊലീസുകാരെ അംഗരക്ഷകരാക്കുന്നതില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍

തിരുവനനന്തപുരം: സുരക്ഷാ ഭീഷണിയുടെ പേരിൽ പൊലീസുകാരെ അംഗരക്ഷകരാക്കി കൊണ്ടുനടക്കുന്നവരിൽ ഭൂരിപക്ഷവും രാഷ്ട്രീയനേതാക്കൾ. ഇതിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞവർ പോലും ഉണ്ട്. 23 പേരുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും മിക്കവരും പൊലീസുകാരെ മടക്കി അയച്ചിട്ടില്ല.

പി പി തങ്കച്ചന് എതിനാണ് പാറാവ്? അംഗരക്ഷകരെ അനുവദിച്ച കാലയളവ് കഴിഞ്ഞിട്ടും ഇദ്ദേഹം കൂടെയുളള രണ്ട് പൊലീസുകാരെ തിരിച്ചയച്ചിട്ടില്ല. എംപിമാരായ ആന്‍റോ ആൻറണി, കെവി തോമസ്, മുൻമന്ത്രിമാരായ കെസി ജോസഫ്, കെഎം മാണി , സിപിഎം നാദാപുരം ഏരിയ സെക്രട്ടറി പിപി ചാത്തു തുടങ്ങിയ 23 പേരുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും ഭൂരിപക്ഷം പേരും വഴങ്ങിയില്ല. ആന്‍റോ ആന്‍റണിയും കെവി തോമസും പറ്റില്ലെന്ന് കത്തും നൽകി. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ വി തോമസ് ഇന്ന് പൊലീസുകാരെ മടക്കി.

കേരളത്തിലെ ഒരുപാട് നേതാക്കൾക്ക് ഇങ്ങനെ കൂട്ടിന് പൊലീസുണ്ട്. മുൻ എംഎല്‍എ സെൽവരാജ്, പിവി അൻവർ, വികെ ഇബ്രാഹിം കുഞ്ഞ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വയലാർ രവി, കൊടുക്കുന്നിൽ സുരേഷ്, സി ദിവാകരൻ, പിസി ജോർജ് ഇങ്ങനെ നീളുന്നു ആ പട്ടിക. ഇവർക്കെല്ലാം സുരക്ഷാ ഭീഷണിയുണ്ടെന്ന് ഔദ്യേഗിക രേഖ. സെഡ് പ്ലസ് തുടങ്ങിയ ദേശീയ തലത്തിലെ സുരക്ഷാ കാറ്റഗറിക്ക് പുറമേ കേരളം സ്വന്തമായി തട്ടിക്കൂട്ടിയ എബിസി എന്നീ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്.

ഇങ്ങനെ അനുവദിക്കുമ്പോഴും ആംഡ് പൊലീസ് എസ്ഐമാർ, പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർ എന്നിവരെയോന്നും നിയോഗിക്കരുതെന്നാണ് ചട്ടം. പക്ഷെ നേതാവിന് ബോധിക്കുന്ന ആൾ എന്നത് മാത്രമാണ് മാനദണ്ഡമെന്നതിന് പോലീസ് ആസ്ഥാനത്തുനിന്നുള്ള പട്ടിക തന്നെ സാക്ഷി. എഡിജിപിയുടെ മകൾ പൊലീസുകാരനെ തല്ലിയ സംഭവത്തിൽ ഇന്ന് അന്വേഷണ സംഘം രൂപീകരിച്ചു. എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.