സ്റ്റേഷനിലെത്തിയത് പോക്സോ പ്രതികളെ കാണാനല്ലെന്നും മറ്റൊരു കേസിന്റെ കാര്യം സംസാരിക്കാനായിരുന്നുവെന്നും പ്രതികൾ ജാമ്യാപേക്ഷയില്‍ പറയുന്നു

തിരുവനന്തപുരം: മെഡിക്കൽ കൊളജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിവൈഎഫ്ഐ വഞ്ചിയൂർ ഏരിയാ സെക്രട്ടറി നിധിൻ, പ്രവർത്തകനായ മനോജ് എന്നിവരാണ് അപേക്ഷ നൽകിയത്. സ്റ്റേഷനിലെത്തിയത് പോക്സോ പ്രതികളെ കാണാനല്ലെന്നും മറ്റൊരു കേസിന്റെ കാര്യം സംസാരിക്കാനായിരുന്നുവെന്നും പ്രതികൾ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ഒളിവിലായിരുന്ന നിധിൻ മൂന്നു ദിവസം മുമ്പാണ് സ്റ്റേഷനിൽ ഹാജരായത്. 

അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോക്സോ പ്രകാരം പരാതി നൽകിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി ഉള്ളതായി പരാതി നല്‍കി. പരാതിക്കാരിയുടെ വീട്ടിൽക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയെന്നും പൊലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് പെൺകുട്ടി കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകുകയായിരുന്നു. ഈ കേസിൽ പോക്സോ ചുമത്തിയതായിരുന്നു മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചത്.

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കളെ മെഡിക്കൽ കോളജ് പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഈ പ്രതികളെ കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സ്റ്റേഷൻ ആക്രണത്തിന് കാരണമായത്.