ഇവരുടെ ബന്ധത്തിന് ഇരു വീട്ടുകാരും എതിരായതോടെയാണ് പൊലീസുകാര്‍ സഹായത്തിനെത്തിയത് പൊലീസുകാര്‍ വീട്ടുകാരുടെ സമ്മതം തേടിയെങ്കിലും എതിര്‍പ്പ് തുടരുകയായിരുന്നു

ബാരാബങ്കി: ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹ തടസം നേരിട്ട കമിതാക്കളെ ഒന്നിപ്പിച്ച് പൊലീസ്. ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയിലാണ് പൊലീസ് സ്റ്റേഷന്‍ കതിര്‍ മണ്ഡപമായത്. അയല്‍ക്കാരായ വിനയ് കുമാറും നേഹ വര്‍മയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തിന് ഇരു വീട്ടുകാരും എതിരായതോടെയാണ് പൊലീസുകാര്‍ സഹായത്തിനെത്തിയത്. 

വീട്ടുകാര്‍ എതിരായതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്ന വിവരം അറിഞ്ഞ പൊലീസുകാര്‍ വീട്ടുകാരുടെ സമ്മതം തേടിയെങ്കിലും എതിര്‍പ്പ് തുടരുകയായിരുന്നു. 

സംഭവങ്ങള്‍ ഇങ്ങനെയായതോടെ ഇവരെ വിവാഹിതരാക്കാന്‍ പൊലസുകാര്‍ സഹായിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊലീസ് സ്റ്റേഷന്‍ കതിര്‍മണ്ഡപമായി. ആസൂത്രണത്തില്‍ കുറവ് വരാതിരിക്കാന്‍ വരന് മണ്ഡപത്തിലേയ്ക്ക് എത്താന്‍ കുതിരയെയും പൊലീസുകാര്‍ തയ്യാറാക്കിയിരുന്നു.