തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജയന്തനെ സഹായിച്ചുവെന്ന് കരുതപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി. സിറ്റി പൊലീസ് കമ്മീഷണറാണ്  മൊഴി രേഖപ്പെടുത്തിയത്.

ജയന്തനെ സഹായിച്ചു എന്ന് ആരോപിക്കപ്പെടുന്ന അഡ്വക്കറ്റ് വസന്ത അഡ്വക്കേറ്റ് മനോജ് എന്നിവരുടെ മൊഴിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് രേഖപ്പെടുത്തിയത്. കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച വരുത്തിയാണ് മൊഴി എടുത്തത്. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കഴിഞ്ഞ ദിവസം അനില്‍ അക്കര എം എല്‍ എ ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പുരോഗതിയില്‍ നേരിട്ട് ഇടപെടണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതി വടക്കാഞ്ചരി കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു. ഇതുവരെയുള്ള അന്വേഷണ പുരോഗതി മജിസ്‌ട്രേറ്റ് വിലയിരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ജയന്തനെ സഹായിച്ചു എന്ന് കരുതുന്നവരുടെ മൊഴിയെടുപ്പ് നടത്തിയതെന്നാണ് സൂചന.