പാലക്കാട് വടക്കഞ്ചേരിയില്‍ ഗദ്ദിക നാടന്‍ കലാമേളയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകരാണെന്നും  ലഘുലേഖകള്‍ കൈവശം ഉണ്ടായിരുന്നെന്നും പറഞ്ഞായിരുന്നു പൊലീസിന്‍റെ നടപടി. പൊതുവഴിയില്‍ വച്ച്  ഉടുത്തിരുന്ന വസ്ത്രം ഉരിഞ്ഞ് പൊലീസ് പരിശോധന നടത്തി. എന്നാല്‍  കടപ്പാറ ആദിവാസി ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ എത്തിയതാണെന്ന് പല തവണ പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും ആദിവാസികള്‍ പറയുന്നു.

പട്ടികജാതി-പട്ടികവര്‍ഗ മഹാസഭാ നേതാക്കളായ ഒളകര ആദിവാസി കോളനിയിലെ പി.കെ രതീഷ്, പി മണികണ്ഠന്‍ എന്നിവരെയും  കടപ്പാറ ആദിവാസി ഊരുമൂപ്പനെയും  രാജുവിനൊപ്പം സ്റ്റേഷനില്‍ പിടിച്ചുവച്ചു. രാത്രി വൈകിയാണ് ഇവരെ വിട്ടയച്ചത്. ആദിവാസികള്‍ക്ക് നേരിട്ട അപമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും കേരള പട്ടികവര്‍ഗ മഹാസഭ പ്രതിനിധി കൂടിയായ രാജു പറയുന്നു.