കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പൊലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹണി ബീ 2 സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരിന്റെ മൊഴിയെടുത്തു. നടിയെ വിളിക്കാന്‍ വാഹനം വിട്ടത് മനോജായിരുന്നു. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനെ തനിക്ക് പരിചയപ്പെടുത്തിയത് പള്‍സര്‍ സുനിയാണെന്ന് മനോജ് പൊലീസിനോട് പറഞ്ഞു.

അതിനിടെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ഇയാള്‍ കൊച്ചിയില്‍ തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൈവശം അധികം പണമില്ലാത്തതിനാല്‍ ഇയാള്‍ ഇനിയും ഒളിവില്‍ കഴിയാന്‍ സാധ്യതതയില്ലെന്നും ഉടന്‍ കീഴടങ്ങുമെന്നുമാണ് പൊലീസ് കരുതുന്നത്. ഇതിന് മുമ്പ് തന്നെ ഇയാളെ പിടികൂടാനാണ് പൊലീസിന്റെ തീരുമാനം. എറണാകുളത്തും പരിസരത്തുമുള്ള എല്ലാ കോടതികളുടെയും പരിസരത്ത് പൊലീസിന്റെ നിരീക്ഷണം ശക്തമാണ്.