മോഷ്ടാക്കള്‍ക്കായി പോലീസ് നാട്ടില്‍ വലവിരിച്ചപ്പോള്‍ പോലീസ് സേഫ് റൂമില്‍ കയറി മോഷണം നടത്തി മോഷ്ടാക്കള്‍

ഇടുക്കി: മോഷ്ടാക്കള്‍ക്കായി പോലീസ് നാട്ടില്‍ വലവിരിച്ചപ്പോള്‍ പോലീസ് സേഫ് റൂമില്‍ കയറി മോഷണം നടത്തി മോഷ്ടാക്കള്‍. മൂന്നാര്‍ എഞ്ചിനിയറിങ്ങ് കോളേജിന് സമീപത്തെ പോലീസ് ഐ.ബിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 

മൂന്നാര്‍ കോളനിയിലും മാട്ടുപ്പെട്ടി റോഡിലെ 20 ഓളം കടകളില്‍ നിന്നും സ്വര്‍ണ്ണവും പണവുമടക്കുള്ള സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് മൂന്നാര്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കോളേജിന് സമീപത്തെ പോലീസ് ഐ ബി യുടെ സോഫ് റൂമില്‍ കള്ളന്‍ കയറിയത്. ഞയറാഴ്ച രാത്രിയില്‍ കെട്ടിടത്തില്‍ കയറിയ മോഷ്ടാവ്, വെള്ളം എത്തിക്കുന്നതിനായി മുറിയില്‍ സൂക്ഷിച്ചിരുന്ന പൈപ്പിന്റെ ടാപ്പുകള്‍ കൈക്കലാക്കിയശേഷമാണ് അവിടെ നിന്നും മടങ്ങിയത്. 

സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ അഞ്ച് വീടുകളില്‍ മോഷണം നടന്നിരുന്നു. 25 പവന്‍ സ്വര്‍ണ്ണമടക്കം കവര്‍ന്ന മോഷ്ടാക്കള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ആറു മാസം മുമ്പ് ഇക്കാ നഗറിലും തുടര്‍ന്ന് മാട്ടുപ്പെട്ടി റോഡിലെ പെട്ടിക്കടകളിലും മോഷണം നടന്നെങ്കിലും അന്വേഷണം കടലാസില്‍ ഒതുങ്ങി. മോഷ്ടാക്കള്‍ക്കായി പോലീസ് വലവിരിക്കുന്നതിനിടെയാണ് യേമാന്‍മാരുടെ ഓഫീസില്‍തന്നെ കയറി മോഷണം നടത്തി സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയത്.