മധുര റെയില്‍വേ പൊലീസ് ഉദ്യേഗസ്ഥനായ സോനു കുമാറാണ് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ചുമന്ന് ആശുപത്രിയിൽ  എത്തിച്ചത്.

മധുര: യാത്രാമധ്യേ പ്രസവ വേദന കൊണ്ട് പുളഞ്ഞ യുവതിയെ ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് കൈകളില്‍ എടുത്ത് ആശുപത്രിയിൽ എത്തിച്ച് പൊലീസ് ഉദ്യേഗസ്ഥന്‍. മധുര റെയില്‍വേ പൊലീസ് ഉദ്യേഗസ്ഥനായ സോനു കുമാറാണ് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. സെപ്റ്റംബര്‍ 14നായിരുന്നു സംഭവം.

ഹത്രാസില്‍ നിന്നും ഫരീദാബാദിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഭാവന എന്ന യുവതിയും ഇവരുടെ ഭർത്താവ് മഹേഷും. യാത്രയ്ക്കിടയില്‍ ഭാവനക്ക് പ്രസവ വേദന അനുഭവപ്പെടുകയും ഇരുവരും മഥുര സ്റ്റേഷനില്‍ ഇറങ്ങുകയുമായിരുന്നു. വേദന കൊണ്ട് വീർപ്പുമുട്ടുന്ന തന്റെ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ മഹേഷ് പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സോനു കുമാർ സഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. അതേ സമയം യുവതിയുടെ നില കൂടുതൽ വഷളായത് കണ്ട സോനു തന്റെ കൈകളിൽ എടുത്ത് ഭാവനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഭാവന ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആരും സഹായിക്കാതിരുന്നപ്പോൾ ദൈവദൂദനെ പോലെ കടന്നുവന്ന സോനുവിന് മഹേഷ് നന്ദി അറിയിച്ചു.

''വേദനകൊണ്ട് പുളയുന്ന ആ യുവതിയെ ഞാന്‍ കണ്ടു. അവരുടെ ഭര്‍ത്താവ് സഹായം തേടുകയായിരുന്നു. ഞാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. അതുകൊണ്ട് ഞാന്‍ അവരെ ആശുപത്രിയിലേക്ക് എടുത്തു. അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു'' - സോനു കുമാര്‍ സംഭവത്തെ കുറിച്ച് വിവരിച്ചു. 

Scroll to load tweet…