കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
കോട്ടയം: കെവിന്റെ കൊലപാതക കേസില് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷ സമര്പ്പിക്കാന് കൂടുതല് സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം, കെവിന്റെ കൊലപാതകത്തില് അറസ്റ്റിലായ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. പൊലീസ് കൈക്കൂലി വാങ്ങിയ കേസ് ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാര് അന്വേഷിക്കും. നിലവില് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഗിരീൽഷ് പി സാരഥി പരാതിക്കാരനായതിനാലാണ് മാറ്റം.
കെവിന്റെ കൊലപാതക കേസില് തനിക്കെതിരായ ആരോപണങ്ങള് നിഷേധിച്ച് കോട്ടയം മുന് എസ്.പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയുടെ അമ്മയുടെ ബന്ധുവാണ് താനെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്കോ ഭാര്യക്കോ കൊല്ലത്ത് ബന്ധുക്കളില്ല. ഇക്കാര്യത്തില് ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്നും മുഹമ്മദ് റഫീക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
