ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി തടവും പിഴയും ശിക്ഷിച്ച അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. ഉച്ചയോടെ ബംഗളൂരു കോടതിയിലെത്തി കീഴടങ്ങാനാണ് സാധ്യത. രണ്ട് ദിവസമായി എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ള കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടര്‍ന്ന ശശികല ഇന്നലെ രാത്രിയോടെയാണ് പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയത്..
പോയസ് ഗാര്‍ഡനിലേക്ക് പോകും മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വികാരാധീനയായി ശശികല പ്രതികരിച്ചിരുന്നു. അണ്ണാ ഡിഎംകെയിൽനിന്ന് തന്നെ ആർക്കും വേർപ്പെടുത്താനാകില്ലെന്ന് ശശികല പറഞ്ഞു. താൻ എവിടെയാണെങ്കിലും പാർട്ടിയെക്കുറിച്ചായിരിക്കും തന്റെ ചിന്തയെന്നും ശശികല വ്യക്തമാക്കി.അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങൾ എന്നും ഏറ്റെടുത്തയാളാണു താനെന്ന് പറഞ്ഞ ശശികല ഇപ്പോഴും അതു തുടരുകയാണെന്ന് വ്യക്തമാക്കി. അമ്മയ്ക്കായി ഇതെല്ലാം സഹിക്കും. ധർമം വിജയിക്കുമെന്നും ശശികല പറഞ്ഞു.
തനിക്കെതിരായ സ്വത്തുസമ്പാദന കേസിനു പിന്നിൽ ഡിഎംകെയാണെന്നും ശശികല ആരോപിച്ചു. തമിഴ് ജനതയ്ക്കിടയിൽനിന്ന് ഡിഎംകെയെ തൂത്തെറിയുന്ന കാര്യത്തിൽ എംഎല്‍എമാർ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ശശികല ആവശ്യപ്പെട്ടു. ഒരുപാടു പ്രശ്നങ്ങൾക്കിടയിലാണെങ്കിലും ഇപ്പോഴും എംഎല്‍എമാർ തന്നെ പിന്തുണയ്ക്കുന്നതിൽ സംതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.
അതിനിടെ പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ പോരാട്ടത്തിനു തുടക്കംകുറിച്ച മറീന ബീച്ചിലെ ജയാ സ്മാമാരകത്തില്‍ തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വീണ്ടുമെത്തി. തന്നെ അനുകൂലിക്കുന്ന നേതാക്കള്‍ക്കും ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കുമൊപ്പമായിരുന്നു സന്ദര്‍ശനം. സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതായി ദീപ പ്രഖ്യാപിച്ചു.
അതേസമയം തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ആക്കംകൂട്ടി ഗവര്‍ണറുടെ തീരുമാനം വൈകുന്നു. നിയമസഭയില്‍ ഭൂരിപക്ഷമുള്ള അണ്ണാ ഡിഎംകെയുടെ പുതിയ നിയസഭാകക്ഷിനേതാവ് എടപ്പാടി പളനിസാമിയെയോ ഒ. പനീര്‍സെല്‍വത്തെയോ നിയസഭയില്‍ വിശ്വാസം തെളിയിക്കാന്‍ വിളിക്കാത്തതിനാലാണ് ഇത്. ശശികല വിഭാഗവും ഒപിഎസ് പക്ഷവും പുതിയ അടവുകള്‍ പയറ്റാന്‍ തുടങ്ങിയതോടെ അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ശശികലയ്ക്കെതിരായ സുപ്രിംകോടതി വിധി വന്നിട്ടും കൂവത്തൂരിലെ എംഎല്‍എമാര്‍ പുറത്തുവരാത്തതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
