തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം 11 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം. സംസ്ഥാനത്ത് ആകെ 2,60,19,284 വോട്ടര്‍മാരാണുള്ളത്. 140 മണ്ഡലങ്ങളിലായി 21,498 പോളിംഗ് ബൂത്തുകളുണ്ട്. 3137 ബൂത്തുകളില്‍ പ്രശ്നസാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ പ്രശ്നസാധ്യതയുള്ള കണ്ണൂരില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 3,137 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. ഇവയില്‍ ഏറെയും വടക്കന്‍ കേരളത്തിലാണ്. ഇവിടങ്ങളില്‍ സംസ്ഥാന പൊലീസിന് പുറമെ കേന്ദ്ര സേനയടക്കമുള്ള സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ പ്രത്യേക സുരക്ഷാ സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ് ക്യാമറയും വീഡിയോ റെക്കോര്‍ഡിങ് സംവിധാങ്ങളും പ്രശ്നസാധ്യതാ ബൂത്തുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഒട്ടേറെ പുതിയ പരീക്ഷണങ്ങള്‍ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ കേരളം സാക്ഷിയാവുകയാണ്. സംസ്ഥാനത്ത് ഇതാദ്യമായി 12 ബൂത്തുകളില്‍ വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പ്രിന്റൌട്ടിലൂടെ വോട്ടറെ അറിയിക്കുന്ന സംവിധാമാണിത്. കാഴ്ച്ചവൈകല്യമുള്ളവര്‍ക്കായി ബ്രയില്‍ ബാലറ്റ് സമ്പ്രദായവും ഇത്തവണ ഏര്‍പ്പടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഭിന്നലിംഗക്കാര്‍ക്ക് ചരിത്രത്തിലാദ്യമായി വോട്ടവകാശം, സ്‌ത്രീസൗഹൃദ ബൂത്തുകള്‍, മാതൃക പോളിംഗ് സ്റ്റേഷനുകള്‍, ഇങ്ങനെ ഒരു പിടി പ്രത്യകതകളുമായാണ് കേരളം ഇന്ന് ബൂത്തിലേക്ക് നീങ്ങുന്നത്
