Asianet News MalayalamAsianet News Malayalam

കാവിവല്‍ക്കരണം: പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല  വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് വിദ്യാര്‍ത്ഥികള്‍

 കാവിവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അവസാനിച്ചു. വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ആവശ്യങ്ങള്‍ പ്രയോഗികമാക്കാനുള്ള കാലതാമസം മാത്രമേ ഇനിയുണ്ടാകൂ എന്നും കാമ്പസ് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. 

Pondichery central university students strike
Author
Thiruvananthapuram, First Published Sep 17, 2018, 4:39 PM IST

തിരുവനന്തപുരം: കാമ്പസ് കാവിവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അവസാനിച്ചു. വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ആവശ്യങ്ങള്‍ പ്രയോഗികമാക്കാനുള്ള കാലതാമസം മാത്രമേ ഇനിയുണ്ടാകൂ എന്നും കാമ്പസ് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. 

'സമരത്തിലുണ്ടായിരുന്ന ഏഴ് സംഘടനകളുടെ രണ്ട് പ്രതിനിധികളെ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. വകുപ്പ് തലവന്‍മാരും രജിസ്ട്രാറും എല്ലാം  പങ്കെടുത്ത ചര്‍ച്ചയായിരുന്നു. ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങള്‍ക്കും എത്ര ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട ബോര്‍ഡുകളെല്ലാം എടുത്തു മാറ്റി. ഇനി അവ സ്ഥാപിക്കില്ലെന്നും ഉറപ്പ് തന്നിട്ടുണ്ട്'-എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍ അഭിജീത് സുധാകരന്‍  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ(NAAC) സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സമരത്തിനിടയാക്കിയ സംഭവങ്ങള്‍ നടന്നത്. നാക് സന്ദര്‍ശനത്തിന് മുന്നോടിയായി ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലായ അരബിന്ദോ ഹോസ്റ്റലില്‍ ഹിന്ദു മതത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ഹിന്ദുമതത്തിന്റെ ശേഷി കൊണ്ടാണ് അത് ആത്യന്തിക മതമായി നിലനില്‍ക്കുന്നതെന്നായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്. ഇതിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കൂടാതെ ഹോസ്റ്റലുകളില്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതും രോഷത്തിനിടയാക്കി. 

'കാമ്പസിലെ എബിവിപി ഒഴികെ മുഴുവന്‍ സംഘടനകളും ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. പുതിയ വൈസ് ചാന്‍സലര്‍ വന്ന ശേഷം കാമ്പസിനുള്ളില്‍ സംഘടനാ സ്വാതന്ത്ര്യം ഏറെക്കുറെ ഇല്ലാതായി.  ആര്‍ക്കും രാഷ്ട്രീയം പറയാന്‍ പറ്റില്ലെന്ന അവസ്ഥയായി. എന്നാല്‍, എബിവിപി ഇവിടെ പുതിയ സംഘടനകള്‍ ഉണ്ടാക്കുകയും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ എന്ത് ആവശ്യപ്പെട്ടാലും ഫണ്ട് ഇല്ലെന്നാണ് വിസി പറയാറ്.  എന്നാല്‍ നാക് വിസിറ്റിനോടനുബന്ധിച്ച് ദ്രുതഗതിയിലാണ് ക്യാമ്പസ് മോടിയാക്കല്‍ നടന്നത്. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ സമരത്തില്‍ ഉന്നയിച്ചിരുന്നു'- യൂണിവേഴ്‌സിറ്റി യൂണിയൻ ചെയര്‍ പേഴ്‌സണും അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റസ് ഫോറത്തിലെ അംഗവുമായ നര്‍മ്മദ പറഞ്ഞു. 

ലൈബ്രറി സൗകര്യങ്ങള്‍, മറ്റടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുക, പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൈഫൈ സൗകര്യം നല്‍കുക, ആറു  മണിക്ക് ശേഷം പരിപാടികള്‍ നടത്തരുതെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, എല്ലാ സംഘടനകള്‍ക്കും തുല്യമായി പ്രവര്‍ത്തിക്കാനുള്ള സാധ്യത നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു.  

'രണ്ട് ദിവസം മുമ്പാണ് സമരം ആരംഭിച്ചത്. ക്യാമ്പസിലെ എബിവിപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കൂടിചേര്‍ന്നുണ്ടാക്കിയ സ്റ്റുഡന്റ് ആക്ഷന്‍ കൗണ്‍സിലാണ്  സമരത്തിന് നേതൃത്വം നല്‍കിയത്. 14 ആവശ്യങ്ങളാണ് ഞങ്ങള്‍ മുന്നോട്ട് വച്ചത്. ഇന്നലെ  ഹോസ്റ്റലില്‍ നിന്ന് മെയിന്‍ ഗേറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് നടത്തിയിരുന്നു. ക്യാമ്പസിലെ രാഷ്ട്രീയ ഇടങ്ങള്‍ നിലനിര്‍ത്തുക എന്നായിരുന്നു ആവശ്യം'-  എഎസ്എ യുണിറ്റ് കമ്മിറ്റി അംഗമായ അരവിന്ദ് ഓണ്‍ലൈനിനോട് പറഞ്ഞു. 

എസ്എഫ്‌ഐ,  എംഎസ്എഫ്, എസ്‌ഐഒ, എഎസ്എ, എഐഎസ്എഫ്, എൻഎസ്‌യുഐ, എപിഎസ്ഫ് എന്നീ സംഘടനകളാണ് സമരത്തിലുണ്ടായിരുന്നത്. 

Follow Us:
Download App:
  • android
  • ios