തിരുവനന്തപുരം: പൂന്തുറയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ നൂറിലേറെ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താത്തത് തീരപ്രദേശത്ത് ആശങ്ക കൂട്ടുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പതിമൂന്ന് പേര്‍ രാത്രിയോടെ മടങ്ങിയെത്തിയെങ്കിലും നൂറിലധികം പേര്‍ ഇനിയും എത്തിയിട്ടില്ല. 

നാവികസേനയുടെ വ്യോമസേനയുടെയും വിമാനങ്ങളും കപ്പലുകളും രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റും കനത്തമഴയും വിഴിഞ്ഞം പൂന്തുറ, വലിയതുറ പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടാത്തതിനാല്‍ രാവിലെ പതിവുപോലെ കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളും തീരത്തെ കുടുംബാംങ്ങളുമാണ് ദുരിതക്കയത്തിലായത്. 29 വള്ളങ്ങളിലായി നൂറ്റമ്പതോളം പേര്‍ കടലില്‍ പോയെന്നാണ് കണ്‍ട്രോള്‍ റൂമിലെ കണക്ക്. അതിസാഹസികമായാണ് രക്ഷപ്പെട്ടതെന്ന് രാത്രി വൈകി തിരിച്ചെത്തിയവര്‍ പറയുന്നു. 

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം കൊച്ചിയില്‍ നിന്നും നാവികസേനാ കപ്പലും സേനയും വിമാനങ്ങളും എത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായത് തെരച്ചിലിന് തടസ്സമായി. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററകുളും ഡോര്‍ണിയര്‍ വിമാനങ്ങളും നേവിയുടെ നാല് കപ്പലുകളും നാളെ രാവിലെ വീണ്ടും തെരച്ചില്‍ നടത്തും. തീരപ്രദേശത്തെ ആളുകളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.