കുവൈത്തിനെയും അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജബൈര്‍ അല്‍ അബായെ അഭിനന്ദിച്ച് മാര്‍പ്പാപ്പ. വത്തിക്കാനല്‍ നടന്ന അംബാസഡര്‍മാരുടെ പുതുവര്‍ഷാഘോഷത്തിനിടെയാണ് മാര്‍പ്പാപ്പ കുവൈറ്റിനെയും ഭരണാധികാരിയായ അമീറിനെയും അഭിനന്ദിച്ചത്. തുറന്ന ചര്‍ച്ചകളിലൂടെയും മാനുഷിക സഹവര്‍ത്തിത്വത്തിലൂടെയും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി കുവൈറ്റും ഭരണാധികാരിയായ അമീര്‍ ഷേഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബായും നടത്തുന്ന പരിശ്രമങ്ങളെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ സിറ്റിയുടെ തലവനുമായ ഫ്രാന്‍സീസ് മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. 

സ്വിറ്റ്സര്‍ലന്‍ഡിനും വത്തിക്കാനുമായുള്ള കുവൈറ്റ് അംബാസഡര്‍ ബാദെര്‍ അല്‍ താനീബ് ഉള്‍പ്പെടെയുള്ള വത്തിക്കാനിലെ അംബാസഡര്‍മാരുടെ പുതുവര്‍ഷാഘോഷത്തിനിടെയാണ് മാര്‍പ്പാപ്പയുടെ അഭിനന്ദനം. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈറ്റ് അമീര്‍ നടത്തുന്ന ശ്രമങ്ങളെ മാര്‍പാപ്പ പ്രശംസിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളും കുടുംബ പശ്ചാത്തലങ്ങളുമുള്ളവരെ ഒരുമിച്ച് കൊണ്ടുവരുന്നതു സംബന്ധിച്ചായിരുന്നു മാര്‍പാപ്പായുടെ പുതുവത്സര സന്ദേശമെന്ന് അല്‍ തബീന്‍ പിന്നീട് പറഞ്ഞു. 

മധ്യേഷ്യയില്‍ കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റി പ്രസിഡന്റ് പീറ്റര്‍ മൗറര്‍ പ്രശംസിച്ചു. ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈറ്റിലെത്തിയതാണ് അദ്ദേഹം. രണ്ട് വര്‍ഷം മുമ്പായിരുന്നു കുവൈത്തിനെ മാനുഷിക കേന്ദ്രമായും അമീറിനെ മേഖലയിലെ മാനുഷിക നേതാവായും ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത് ആദരിക്കുകയും ചെയ്തിരുന്നു.