റഷ്യന്‍ ലോകകപ്പിലെ വേഗമേറിയ ഗോള്‍ റൊണാള്‍ഡോയ്ക്ക് സ്വന്തം ആഫ്രിക്കന്‍ ടീം പൊരുതുന്നു
മോസ്കോ: റഷ്യയില് നിന്ന് വെറുതെ മടങ്ങാനല്ല വന്നതെന്ന് വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്ഡോ തെളിയിച്ചപ്പോള് മൊറോക്കോയ്ക്കെതിരെ ആദ്യ പകുതിയില് പറങ്കിപ്പട ഒരു ഗോളിന് മുന്നില്. മിന്നല് ഹെഡ്ഡറിലൂടെ കളിയുടെ നാലാം മിനിറ്റില് നായകന് റൊണാള്ഡോയാണ് ഏക ഗോള് സ്വന്തമാക്കിയത്. പോര്ച്ചുഗലിന്റെ പ്രതിരോധത്തിലെ പ്രശ്നങ്ങള് മനസിലാക്കി എത്തിയ മൊറോക്കോ തുടക്കത്തിലെ ആക്രമണങ്ങള് മെനഞ്ഞു.
വിംഗുകളിലൂടെ പാഞ്ഞെത്തിയുള്ള നീക്കങ്ങളാണ് റെനാര്ഡ് ഹെര്വെയുടെ ടീം പരീക്ഷിച്ചത്. നൂറുദ്ദീന് അംബ്രാട്ടിന്റെ നേതൃത്വത്തില് രണ്ടാം മിനിറ്റില് തന്നെ പറങ്കിപ്പടയുടെ പോസ്റ്റിലേക്ക് അവര് ഇരച്ചെത്തി. അപകടം മനസിലായ പോര്ച്ചുഗല് എതിര് പാളയത്തിലേക്കും കുതിച്ചു. തുടരെ ലഭിച്ച രണ്ടാമത്തെ കോര്ണറില് നിന്നാണ് പറങ്കികളുടെ ആദ്യ ഗോള് പിറന്നത്. ഷോര്ട്ട് കോര്ണറില് ജോസ് മൗട്ടീഞ്ഞോ ബോക്സിലേക്ക് തൊടുത്ത പന്തില് തന്റെ സ്വതസിദ്ധമായ ശെെലിയില് ഉയര്ന്നു ചാടി റൊണാള്ഡോ തല വെച്ചു.
ആഫ്രിക്കന് പടയുടെ ഗോള് കീപ്പര് എല് കജോയിയെ നിസഹായാനാക്കി കരുത്തന് ഹെഡ്ഡര് വല തുളച്ചു കയറി. ഗോള് വഴങ്ങിയെങ്കിലും ആഫ്രിക്കന് ടീമിന്റെ നിയന്ത്രണത്തിലാണ് പിന്നെയും കളി മുന്നോട്ട് പോയത്. എട്ടാം മിനിറ്റില് വീണ്ടും റൊണാള്ഡോ അടുത്ത ഗോളിന് ശ്രമിച്ചെങ്കിലും നടന്നില്ല. 11-ാം മിനിറ്റില് സമനില ഗോളിനുള്ള അവസരം മൊറോക്കോ ഒരുക്കിയെടുത്തു. ഹക്കീം സിയാഹിന്റെ കോര്ണറില് ഡി കോസ്റ്റ തലവെച്ചങ്കിലും പറങ്കിപ്പടയുടെ ഗോള് കീപ്പര് റൂയി പട്രീഷോയെ കീഴടക്കാനായില്ല.
ആദ്യ 20 മിനിറ്റില് ആഫ്രിക്കന് ശക്തികളുടെ ആധിപത്യമാണ് കളത്തില് കണ്ടത്. ആക്രമണങ്ങള് ഒരുക്കിയെടുത്തെങ്കിലും ഗോള് സ്കോര് ചെയ്യാനുള്ള പോരായ്മ കഴിഞ്ഞ കളിയില് ഇറാനോടെന്ന പോലെ ഇത്തവണയും അവര്ക്ക് പ്രശ്നങ്ങള് സൃഷ്ടിച്ചു. 31-ാം മിനിറ്റില് ലൂഷ്നിക്കി സ്റ്റേഡിയത്തിനെ ആരവത്തിലാറാടിച്ച നിമിഷം പിറന്നു. കഴിഞ്ഞ കളിയില് സ്പെയിനെതിരെയുള്ള പോലെ ഫ്രീകിക്ക് റൊണാള്ഡോയ്ക്ക് ലഭിച്ചെങ്കിലും ഇത്തവണ പക്ഷേ, മൊറോക്കോ മതിലിനെ ഭേദിക്കാനായില്ല. തോറ്റാല് ടൂര്ണമെന്റില് നിന്ന് പുറത്താകുമെന്ന് ഉറപ്പായതിനാല് എങ്ങനെയെങ്കിലും ഗോള് നേടാനുള്ള ശ്രമങ്ങളാണ് മൊറോക്കോ നടത്തിയത്. പക്ഷേ, അനുഭവപരിചയം കുറവുള്ള ആഫ്രിക്കന് ടീമിന്റെ ആക്രമണങ്ങളെ പറങ്കിപ്പട ആദ്യപകുതിയില് തളച്ചിട്ടു.
