പോസ്റ്റുമോര്‍‌ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ മരണകാരണം ചെറുകുടല്‍ പൊട്ടിയത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍‌ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ശ്രീജിത്തിന്‍റെ ശരീരത്തില്‍ 18 പരിക്കുകള്‍ ഉണ്ടെന്ന് പോസ്റ്റുമോര്‍‌ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പരിക്കുകളില്‍ മര്‍ദ്ദനമേറ്റ തരത്തിലുളള ചതവുകള്‍ ഉണ്ടെന്നും സൂചന. ശക്തമായ മര്‍ദ്ദനം നടന്നെന്നും ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 

അതേസമയം, ശ്രീജിത്ത് മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, സിവില്‍ പൊലീസ് ഒാഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം, സി.ഐയും എസ്.ഐയുമടക്കം അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടിക്ക് ശുപാർശ ചെയ്തതിനെ തുടര്‍ന്നാണ് സസ്പെന്‍റഷന്‍.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിക്കുകയായിരുന്നു.