കുട്ടിയുടെ മാതാവ് കമ്മിറ്റിക്ക് നല്‍കിയ പരാതി രണ്ട് മാസത്തോളം മറച്ചുവെച്ച ഭാരവാഹികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്

കായംകുളം: മദ്രസയില്‍ പന്ത്രണ്ട് വയസുകാരിയെ മദ്രസാ അധ്യാപകന്‍ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മദ്രസ കമ്മിറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കേസില്‍ പുത്തൻ തെരുവ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഷിയാഖ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒന്നര‌ മാസം മുമ്പ് ആയിരുന്നു സംഭവം. കുട്ടിയുടെ മാതാവ് കമ്മിറ്റിക്ക് നല്‍കിയ പരാതി രണ്ട് മാസത്തോളം മറച്ചുവെച്ച ഭാരവാഹികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേര്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന്‌ പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. നടപടി സ്വീകരിക്കാത്തപക്ഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാനുള്ള നീക്കത്തിലാണ് ഒരു സംഘം നാട്ടുകാര്‍. സംഭവം വിവാദമായതിനെ തുടർന്ന് രാജിവച്ചു പോയ ഇമാം ചിലരുടെ സമ്മർദം മൂലം കഴിഞ്ഞ ദിവസം വീണ്ടും എത്തി വീണ്ടും ചുമതലയേറ്റു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു.