ഝാർഖണ്ഡിൽ പട്ടിണി മരണം തുടർക്കഥയാകുന്നു റേഷൻ കാർഡ് നിഷേധിക്കുന്നതാണ് പട്ടിണിക്ക് കാരണം കുറച്ചു മാസങ്ങൾക്കുള്ളിൽ മരിച്ചത് ആറ് പേർ

ഝാർഖണ്ഡ്: ഝാർഖണ്ഡിലെ ​ഗിരിധി ജില്ലയിൽ പട്ടിണി മൂലം സ്ത്രീ മരിച്ചു. അമ്പത്തെട്ട് വയസ്സുള്ള ​സാവിത്രി ദേവിയാണ് മരിച്ചത്. ആധാർ കാർഡുമായി ലിങ്ക് ചെയ്യാതിരുന്നത് മൂലം ഇവരുടെ റേഷൻ കാർഡ് റദ്ദായിപ്പോയിരുന്നു. 2012 ലാണ് ഇവരുടെ റേഷൻകാർഡ് റദ്ദായത്. അന്നു മുതൽ ഇവർക്ക് പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. റേഷൻ സാധനങ്ങൾ ലഭിക്കാതെ മൂന്നു ദിവസമായി സാവിത്രി ദേവി മുഴുപട്ടിണിയിലായിരുന്നു. ഇവരുടെ വീട്ടിൽ ആഹാരമൊന്നും ഇല്ലാതായിട്ട് ദിവസങ്ങളായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. 

പത്ത് വർഷം മുമ്പ് സാവിത്രിയുടെ ഭർത്താവ് മരിച്ചു. രണ്ടാൺമക്കൾ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണുള്ളത്. ശനിയാഴ്ച രാത്രിയിലാണ് സാവിത്രി ദേവി മരിച്ചത്. റദ്ദായ റേഷൻകാർഡ് വീണ്ടും ലഭിക്കാൻ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. എന്നാൽ അധികൃതർ റേഷൻകാർഡ് നൽകാൻ തയ്യാറായില്ലെന്ന് ​ഗ്രാമവാസികൾ പറയുന്നു. സാവിത്രി മരിച്ചത് പട്ടിണി മൂലമല്ലെന്നാണ് വീട് സന്ദർശിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ തന്റെ റിപ്പോർട്ടിൽ പറയുന്നത്. ആധാർ ലിങ്കിം​ഗ് ചെയ്യാത്തത് മൂലം നിരവധി കുടുംബങ്ങളാണ് റേഷൻകാർഡ് ഇല്ലാതെ കഷ്ടപ്പെടുന്നത്. കഴിഞ്ഞ ജനുവരി 24 നാണ് ധോവാദ് ന​ഗൽ വില്ലേജിൽ ലാഖി മുർമു എന്ന പെൺകുട്ടി പട്ടിണി മൂലം മരിച്ചത്. പതിനൊന്ന് വയസ്സുകാരി സന്തോഷി കുമാരിയുടെയും ജീവനെടുത്തത് ദാരിദ്ര്യമായിരുന്നു.