ഘാതകരുടെ ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് പ്രകാശ് രാജ് കൂടുതൽ ശക്തമായി മുന്നോട്ട് പോകും
ഹൈദരാബാദ്: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ഘാതകരുടെ ഭീഷണിയെ ഭയപ്പടുന്നില്ലെന്ന് തമിഴ് നടൻ പ്രകാശ് രാജ്. ഗൗരിയെ കൊലപ്പെടുത്തിയവർ പ്രകാശ് രാജിനെയും ലക്ഷ്യം വച്ചിട്ടുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കൂടുതൽ ശക്തമായി തന്നെ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് രാജാണ് അവരുടെ അടുത്ത ലക്ഷ്യമെന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘം കന്നടയിലെ ഒരു പ്രാദേശിക മാധ്യമത്തോട് പങ്ക് വച്ചിരുന്നു.
ഗൗരി ലങ്കേഷ് കൊലപാതകത്തിൽ അറസ്റ്റിലായ നവീൻ കുമാറിനെ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം നവീൻ കുമാറിനെ അറിയിച്ചിട്ടില്ലെന്ന് കാണിച്ച് അയാളുടെ അഭിഭാഷകനായ വേദമൂർത്തി ഹർജി സമർപ്പിച്ചിരുന്നു. നവീൻ കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കൃത്യമല്ലെന്നും അഭിഭാഷകൻ വാദിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതേവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
