ദില്ലി: സബ്സിഡികള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ 50,000 കോടിയുടെ നേട്ടമുണ്ടായതായി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ ഇല്ലെന്ന പേരില്‍ ഒരാള്‍ക്കും ആനുകൂല്യം നിഷേധിക്കില്ലെന്ന് രാജ്യസഭയില്‍ അദ്ദേഹം വ്യക്തമാക്കി. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ചര്‍ച്ച തുടങ്ങിവച്ച് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ആധാര്‍ നിയമം കൊണ്ടുവരുന്നതിന് മുന്‍പ് വ്യാജ ആധാര്‍ കാര്‍‍‍ഡ് ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആധാറിന്റെ പേരില്‍ വലിയതോതില്‍ ആനുകൂല്യം നിഷേധിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിലെ ജയറാം രമേശും സിപിഎമ്മിലെ സിപി നാരായണനും ആരോപിച്ചു. ആധാര്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണെങ്കിലും അതിന് നിയമസാധുത നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണെന്ന് മറുപടി പറഞ്ഞ രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആഗോളവിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ് മൂലമല്ല ഇത്രയധികം തുക ലാഭിക്കാന്‍ കഴിഞ്ഞതെന്നും ഐക്യരാഷ്‍ട്രസഭ ഉള്‍പ്പടെ ആധാറിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആധാര്‍ കാര്‍ഡിനെ സുപ്രീംകോടതിയും അംഗീകരിച്ചെന്ന് വ്യക്തമാക്കിയ മന്ത്രി ഇത് ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന സന്ദേശമാണ് നല്‍കിയത്.