ദുബായ്: റണ്‍വേ വികസനം എന്ന പേരില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ഗള്‍ഫില്‍ നിന്ന് ആവശ്യം ഉയരുന്നു. മലബാറിലെ പ്രവാസികള്‍ ഇതിനായി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പക്കും.
റണ്‍വേ നവീകരണത്തിന്‍റെ പേരില്‍ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവച്ച കോഴിക്കോട് വിമാനത്താവളം എത്രയും പെട്ടന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഇപ്പോള്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. റീ കാര്‍പെറ്റിംഗ് ഏറെക്കുറെ പൂര്‍ണ്ണമായിട്ടും അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാത്തത് ദുരൂഹമാണെന്ന് ഗള്‍ഫ് പ്രവാസികള്‍ ആരോപിക്കുന്നു.
വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, കോഴിക്കോട് ഹജ്ജ് ക്യാമ്പ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലപ്മെന്‍റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഡിസംബര്‍ അഞ്ചിന് ഡല്‍ഹി ജന്ദന്‍ മന്ദറില്‍ മാര്‍ച്ച് സംഘടിപ്പിക്കും. മലബാറിലെ പ്രവാസി കൂട്ടായ്മ നേതാക്കള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
കോഴിക്കോട്ടേയ്ക്ക് കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണിലെ അമിത വിമാനക്കൂലി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിക്കും. കരിപ്പൂരിന്റെ വികസന കാര്യത്തില്‍ സര്‍ക്കാറുകളുടേയും പ്രതിപക്ഷത്തിന്റെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടേയും മൗനം സംശയാസ്പദമാണെന്നും പ്രവാസി കൂട്ടായ്മ നേതാക്കള്‍ ആരോപിക്കുന്നു. ഡല്‍ഹി മാര്‍ച്ചിന് ശേഷം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
