ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ഫ്രാന്‍സ്.

മോസ്‌കോ: ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലോകകപ്പില്‍ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ടീമുകളാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയതില്‍ ബഹുഭൂരിപക്ഷവും. അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടമാണ് പ്രീ ക്വാര്‍ട്ടറില്‍ ആദ്യം. ഇനി മുതല്‍ വലിയ കളികള്‍ മാത്രം. ഒരൊറ്റ പിഴവ്. ലോകകപ്പില്‍ നിന്ന് പുറത്തേകുള്ള വഴി തുറക്കുമത്.

നോക്കൗട്ടിലെ 16 ടീമുകളില്‍ 10 ഉം യൂറോപ്പില്‍ നിന്ന്. ലാറ്റിനമേരിക്കയില്‍ നിന്ന് നാല് ടീം. വടക്കേ അമേരിക്കക്കും ഏഷ്യക്കും ഓരോ പ്രതിനിധികളും. ദിവസം രണ്ട് കളികള്‍ വീതമുള്ള നോക്കൗട്ടിലെ ആദ്യ മത്സരം തന്നെ ഫൈനലോളം പോന്നത്. അര്‍ജന്റീനയുടെ എതിരാളികള്‍ ഫ്രാന്‍സ്. ശനിയാഴ്ചത്തെ രണ്ടാം മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ലൂയി സുവാരസിന്റെ ഉറുഗ്വേയെ നേരിടും.

മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഞായറാഴ്ച ഇറങ്ങുമ്പോള്‍ മുന്നിലുള്ളത് ആതിഥേയരായ റഷ്യ. അര്‍ജന്റീനയുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയ ക്രൊയേഷ്യക്ക് നേരിടാമുള്ളത് ഡെന്‍മാര്‍ക്കിനെ. തിങ്കളാഴ്ചയാണ് ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. മെക്‌സിക്കോക്കെതിരെ. അവശേഷിക്കുന്ന ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാന്‍ അന്ന് രാത്രി ബെല്‍ജിയവുമായി മുഖാമുഖമെത്തും.

യൂറോപ്യന്‍ ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ചൊവ്വാഴ്ച രാത്രി എഴരക്ക് സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഇംഗ്ലണ്ടും കൊളംബിയയും തമ്മിലാണ് അവസാന പ്രീ ക്വാര്‍ട്ടര്‍.