കഴിഞ്ഞ ഞായറാഴ്ച പാചകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശിനി തിലോത്തമയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികില്‍സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് എറണാകുളത്തേക്ക് മാറ്റിയത്. നാലു മാസം ഗര്‍ഭിണിയായിരുന്നു. ഏലൂരിലെ ഇഎസ് ഐ ആശുപത്രിയിലും വടുതല, കണ്ടെയ്‌നര്‍ റോഡ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ഇവരെ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിക്കപ്പെട്ടു. രണ്ടു മണിക്കൂറോളം ചികില്‍സയ്ക്കായി ആശുപത്രികളുടെ വരാന്ത കയറിയെങ്കിലും ആരും പ്രവേശിപ്പിക്കാന്‍ തയ്യാരായില്ല. ഒടുവില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുളള ഇടപെട്ടാണ് തിലോത്തമയെ ബൈപ്പാസ് റോഡിലുളള മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊളളലേല്‍ക്കുന്നവരെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തിലോത്തമ.

ചികില്‍സയുടെ ആദ്യഘട്ടത്തില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും അറുപത് ശതമാനത്തിലേറെ പൊളളലേറ്റ തിലോത്തമയുടെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചാം ദിവസം രാത്രി മരണം സംഭവിച്ചു. ചികില്‍സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ജില്ലാ കളക്ടറും ഇഎസ്‌ഐ ആശുപത്രി അധികൃതരും നേരത്തെ അറിയിച്ചിരുന്നു.