രാജുവും ബതോളിയും ചേര്‍ന്ന് മധുരം നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് വിളിച്ച ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

ധാതിയ: അഞ്ച് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പൂജാരിമാര്‍ ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ധാതിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബലാത്സംഗ കേസില്‍ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെ പോസ്കോ വകുപ്പുകള്‍ അടക്കം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജുവും ബതോളിയും ചേര്‍ന്ന് മധുരം നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് വിളിച്ച ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം കുട്ടിയെ വീടിന്‍റെ മുന്നില്‍ കൊണ്ട് വിട്ടു. നടന്ന കാര്യങ്ങള്‍ പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭയം മൂലം കുട്ടി വീട്ടില്‍ ഇക്കാര്യം ഒന്നും പറഞ്ഞുമില്ല. എന്നാല്‍, കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വളരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കര്‍ഷകനാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ധാതിയ എസ്പി മായങ്ക് ആവാസ്ഥി പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചില കുട്ടികളെയും അതിക്രമിച്ചതായി പൊലീസ് സംശയിക്കുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.