ദില്ലി:കല്‍ക്കരിപ്പാടം അഴിമതി അന്വേഷണത്തെ സ്വാധീനിക്കാന്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഇടപെട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനായ എം.എല്‍.ശര്‍മ്മ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസ് വിധി പറയാന്‍ സുപ്രീംകോടതി മാറ്റിവെച്ചു.

2.86 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സിഎജി കണ്ടെത്തിയ കല്‍ക്കരിപ്പാടം അഴിമതിയില്‍ ആരോപണം നേരിട്ട കമ്പനി ജീവനക്കാരുമായി ഡിബിഐ ഡയറക്ടറായിരിക്കെ രഞ്ജിത് സിന്‍ഹ സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്വേഷണ ചുമതലയിരിക്കെയായിരുന്നു സ്വകാര്യ കൂടിക്കാഴ്ച. ഇക്കാര്യം തെളിയിക്കുന്ന രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനായി സിബിഐ മുന്‍ സെപ്ഷ്യല്‍ ഡയറക്ടറായ എം.എല്‍.ശര്‍മ്മയെ കോടതി ചുമതലപ്പെടുത്തിയിരുന്നു. 

എം.എല്‍.ശര്‍മ്മ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കല്‍ക്കരിപ്പാടം അന്വേഷണം അട്ടിമറിക്കാന്‍ രഞ്ജിത് സിന്‍ഹ ശ്രമിച്ചതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നത്. ഏത് വിധത്തിലാണ് അന്വേഷണത്തെ രഞ്ജിത് സിന്‍ഹ സ്വാധീനിച്ചത് എന്ന് വ്യക്തമാകണമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും സുപ്രീംകോടതിയില്‍ സീല്‍വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എം.എല്‍.ശര്‍മ്മ ആവശ്യപ്പെടുന്നു. 

റിപ്പോര്‍ട്ട് പരിശോധിച്ച് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. രഞ്ജിത് സിന്‍ഹക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ കോടതിയില്‍ ഉയര്‍ത്തി. എം.എല്‍.ശര്‍മ്മയുടെ റിപ്പോര്‍ട്ട് ശരിവെച്ചുക്കുന്ന അഭിപ്രായമാണ് കോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി സ്വീകരിച്ചത്.