പേരാമ്പ്ര: ജപ്തി നടപടി മൂലം പെരുവഴിയിലായ കോഴിക്കോട് പേരാമ്പ്രയിലെ ഹൃദ് രോഗിയും കുടുംബവും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. ഈ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജപ്തി മൂലം ദുരിതത്തിലായ കടിയങ്ങാട്പാലം കല്ലിങ്കല്‍ ബിജുവിനേയും കുടുംബത്തേയും കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വീട് ജപ്തി ചെയ്തതിനെ തുടര്ന്ന് ഹൃദ്രോഗിയായ ബിജുവും കുടുംബവും ഇപ്പോള്‍ വരാന്തയിലാണ് കഴിയുന്നത്. വീട് ജപ്തി ചെയ്ത മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് അധികൃതരെ ഒത്തുതീര്‍പ്പിനായി കാണാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഇതിനായി ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്പനി ന്യായമായ ഒത്ത് തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം. 

അതേസമയം വീട്ടില്‍ തുടര്‍ന്നും താമസിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ബിജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വായ്പാ കുടിശിക തിരിച്ചടക്കുന്നതിന് സാവകാശം ലഭിക്കാന്‍ ഇടപെടണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. പട്ടികജാതി വികസന വകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ് കഴിഞ്ഞ ദിവസം ജപ്തിക്കെത്തിയ ഉദ്യോഗസ്ഥര്‍ വീട് താഴിട്ട് പൂട്ടിയത്. മരുന്നും വസ്ത്രങ്ങളും കുട്ടികളുടെ യൂണിഫോമും അടക്കം കുടുംബത്തിന് സ്വന്തമായുള്ളതെല്ലാം വീടിനുള്ളിലാണ്. ഹൃദ് രോഗിയായ ബിജുവും ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബം ഇതോടെ പെരുവഴിയിലായി.