ശൈത്യകാലത്തിന് മുന്നോടിയായി കര്‍ഷകര്‍ തങ്ങളുടെ പാടത്ത് തീയിടുന്നതോടെ ദില്ലിയില്‍ വിഷപ്പുക നിറയുന്നത് പതിവാണ്.
ദില്ലി: അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതോടെ കടുത്ത നടപടികളിലേക്ക് ദില്ലി സര്‍ക്കാര്‍ കടക്കുന്നു. മലിനീകരണം ഇനിയും ക്രമാതീതമായി തോതില്‍ തുടര്‍ന്നാല്‍ സ്വകാര്യകാറുകള്‍ നിരത്തിലിറങ്ങുന്നത് തടയുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശൈത്യകാലത്തിന് മുന്നോടിയായി കര്‍ഷകര്‍ തങ്ങളുടെ പാടത്ത് തീയിടുന്നതോടെ ദില്ലിയില്‍ വിഷപ്പുക നിറയുന്നത് പതിവാണ്. ഈ പുകയെല്ലാം ചെന്നു ചേരുന്നത് ദില്ലിയടക്കമുള്ള വടക്കന്‍ മേഖലകളിലാണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ ഒരേസമയം തീയിടുന്നതോടെ കനത്ത വായുമലിനീകരണമാണ് ഈ ദിവസങ്ങളില്‍ ദില്ലിയിലുണ്ടാവുന്നത്.
ഇതോടൊപ്പം വാഹനങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന പുകയും മലിനീകരണം വര്‍ധിപ്പിക്കുന്നു. അടുത്ത ആഴ്ച്ച ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങളും മറ്റു കരിമരുന്ന് വസ്തുകളും വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്തരീക്ഷ മലിനീകരണതോത് കൂടാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
