ദില്ലി: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷതിന് ഉയര്‍ത്തിക്കാട്ടുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതൊക്കെ ഊഹാപോഹം മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രാചരണം നടത്തണമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കളും ഇക്കാര്യം നിരന്തരം ആവശ്യപ്പെടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അമ്മയും സഹോദരനും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും മാത്രമാണ് പ്രിയങ്ക പ്രചാരണം നടത്തിയത്.

ഇത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് കാര്യമായി ഗുണം ചെയ്യുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. പൂര്‍ണ്ണസമയരാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഇറങ്ങണമെന്ന് ഇനി ഗാന്ധി കുടുംബമാണ് അന്തിമതീരുമാനം പ്രഖ്യാപിക്കേണ്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതെ ഉയര്‍ത്തിക്കാട്ടുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഷീലാ ദിക്ഷിതന്റെ മറുപടി. അതേസമയം, രാഹുല്‍ഗാന്ധിക്ക് കഴിവില്ലാത്തത് കൊണ്ടാണ് പ്രിയങ്കയെ പ്രചാരണത്തിനിറക്കുന്നതെന്ന് ബിജെപി പരിഹസിച്ചു. അതെന്തായാലും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുറുപ്പ് ചീട്ടിറക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.