ന്യൂഡല്‍ഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് ഭാരവാഹിയാക്കാൻ ആലോചന. പ്രിയങ്കയുടെ റോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് തീരുമാനിക്കുമെന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള ഗുലാംനബി ആസാദ് വ്യക്തമാക്കി.
രണ്ട് മണ്ഡലങ്ങൾക്ക് പുറത്ത് പ്രചരണം നടത്തുന്ന പ്രിയങ്കയ്ക്ക് കൂടുതൽ പങ്കു വേണം എന്നാണ് പൊതു വികാരമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തീരുമാനമെടുക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ഇപ്പോഴത്തെ പ്രധാന ചർച്ച പ്രിയങ്കാ ഗാന്ധിയുടെ പങ്ക് എന്തായിരിക്കുമെന്നാണ്. പ്രിയങ്ക ഇന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഗുലാംനബി ആസാദുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിലൊരാളായി പ്രിയങ്കയെ കൊണ്ടുവരാനാണ് ആലോചന.
ഇതിനിടെ ഉത്തർപ്രദേശിലെ പുതിയ പിസിസി അദ്ധ്യക്ഷനായി രാജ് ബബ്ബറിനെ പ്രഖ്യാപിച്ചു. ഷീലാ ദീക്ഷിത് ഉൾപ്പടെയുള്ളവരുടെ പേരുകൾ നേരത്തെ ചർച്ചയിലുണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന രാജ്ബബ്റിനെ ഈ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായാണ് കൊണ്ടുവന്നത്. ഉത്തർപ്രദേശിനു പുറത്തുള്ള നേതാവായ രാജ് ബബ്ബർ ലോക്സഭയിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനാർത്ഥിയേയും പ്രചരണസമിതി അദ്ധ്യക്ഷനെയും ഉള്‍പ്പെടെ പിന്നീട് പ്രഖ്യാപിക്കും.
