കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. ഇന്നലെ പാലായില്‍ കെ.എം മാണി വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നു. രണ്ടd മണിക്കൂറിലധികം നീണ്ട യോഗത്തെ ഒടുവില്‍ അനൗപചാരികമെന്ന് വിശദീകരിച്ച കെ.എം മാണി പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു
 
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ അധികാരത്തിലെത്തിയ വിഷയത്തിലെ ഭിന്നത തീര്‍ക്കാനാണ്   കെ.എം മാണി അടിയന്തിര പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചത്. എന്നാല്‍ യോഗത്തോടെ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത കൂടി. പാലായിലെ വസതിയില്‍ മാണി വിളിച്ച യോഗത്തിലേയ്‌ക്ക് പി.ജെ ജോസഫും മോന്‍സ് ജോസഫും വന്നില്ല. ആദ്യം യോഗത്തിനെത്താതിരുന്ന സി.എഫ് തോമസിന് മാണി യോഗത്തിലേയ്‌ക്ക് വിളിച്ചു വരുത്തി. യോഗം തുടങ്ങി ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സി.എഫ് തോമസ് എത്തിയത്. ഇതോടെ  ഔപചാരിക യോഗം ചേര്‍ന്നില്ലെന്ന് യോഗത്തിന് ശേഷം കെ.എം മാണി വിശദീകരിച്ചു. ജോസഫിന്റെ അസൗകര്യം മോന്‍സ് ജോസഫ് വിളിച്ചറിയിച്ചതോടെ യോഗം മാറ്റി വെച്ചു. നടന്നത് അനൗപചാരിക ചര്‍ച്ചകള്‍ മാത്രമെന്നും മാണി കൂട്ടിച്ചേര്‍ത്തു. പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നെങ്കിലും മാണി വിഭാഗത്തിലെ നാല് എം.എല്‍.എമാരും യോഗത്തിനെത്തി. ജോസ് കെ മാണിയെ കൂടാതെ ജോയ് എബ്രഹാം എം.പിയും യോഗത്തില്‍ പങ്കെടുത്തു.