ഷീ ടാക്‌സി പ്രതിസന്ധിയില്‍ ഓട്ടമില്ല, വരുമാനം നിലച്ചു കടം കയറി ഡ്രൈവര്‍മാര്‍ കുടുങ്ങി

തിരുവനന്തപുരം:സ്‌ത്രീകള്‍ക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ സുരക്ഷിതമായി യാത്രയൊരുക്കാന്‍ തുടങ്ങിയ ഷീ ടാക്‌സി പ്രതിസന്ധിയില്‍. ഓട്ടം കുറഞ്ഞതോടെ വനിതാ ഡ്രൈവര്‍മാര്‍ കടക്കെണിയിലായി. 2013 ല്‍ വലിയ പ്രതീക്ഷയോടെയാണ് കേരളത്തിന്റെ നിരത്തിലേക്ക് ഷീ ടാക്‌സികളെത്തുന്നത്.സ്‌ത്രീകള്‍ വളയം പിടിക്കുന്ന വാഹനങ്ങള്‍ സുരക്ഷാ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. പദ്ധതി ആദ്യം തുടങ്ങിയത് തലസ്ഥാനത്ത്.

അറുപത്തിമൂന്നുകാരി ആനി ഉള്‍പ്പടെ 52 സ്തീകള്‍ കിടപ്പാടം വരെ പണയപ്പെടുത്തിയും വായ്പ്പയെടുത്തുമാണ് കാറുകള്‍ വാങ്ങി പദ്ധതിയില്‍ പങ്കാളികളായത്. ജെണ്ടര്‍ പാര്‍ക്കിന്‍റെ കീഴില്‍ തുടങ്ങിയ പദ്ധതി വനിത വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്തതോടെ പ്രശ്നം തുടങ്ങി. ജിപിഎസ് സംവിധാനങ്ങളും കാള്‍ സെന്ററും മാറ്റിയതോടെ ഓട്ടം കിട്ടാതെയായി.

സിഡാക്കിന് ചുമതല നല്‍കി സുരക്ഷാ സംവിധാനങ്ങള്‍ പുനസ്ഥാപിച്ച് പുതിയ കോള്‍ സെന്‍ററുമായി ബന്ധിപ്പിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വനിതാ വികസ കോര്‍പ്പറേഷന്‍ നല്‍കുന്ന ഉറപ്പ്. പക്ഷെ എപ്പോള്‍ ഇതൊക്കെ നടക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.