നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ.

സന്നിധാനം: ശബരിമലയില്‍ മൂന്നിടങ്ങളില്‍ നാളെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ.

Add Asianetnews as a Preferred SourcegooglePreferred

ചിത്തിര ആട്ടത്തിനായി അഞ്ചാം തീയതിയാണ് ശബരിമല നട തുറക്കുക. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്. ഇത് കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മണ്ഡല-മകര വിളക്ക് കാലത്തേക്കുള്ള പൊലീസ് വിന്യാസം എങ്ങനെ വേണമെന്ന് നേരത്തെ ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു.

വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി തിരിച്ച് സുരക്ഷ ഉറപ്പ് വരുത്താനാണ് പൊലീസിന്‍റെ തീരുമാനം. ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും നാളെ മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. അഞ്ചാം തീയതി ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണൻ നേരത്തെ അറിയിച്ചിരുന്നു‍.

മാധ്യമങ്ങളെ നേരത്തേ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ എട്ട് മണിക്ക് മാത്രമേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽനിന്ന് കടത്തിവിടൂ. അതേസമയം, ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് തീരുമാനം. 16-നാണ് മണ്ഡല-മകര വിളക്ക് കാലത്തിനായി ശബരിമല നട തുറക്കുന്നത്.