വര്‍ഗീയ കലാപങ്ങള്‍, ലെെംഗിക അതിക്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെയും ആര്‍എസ്എസിനെയും ഹിന്ദുക്കളെയും അവഹേളിക്കാനാണ് ശ്രമം നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എച്ച് രാജ പറഞ്ഞു

ചെന്നെെ: ഭാരതമാതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രപ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് ചെന്നെെയിലെ പ്രശസ്തമായ ലയോള കോളജിനെതിരെ ഹെെന്ദവ സംഘടനകളുടെ പ്രതിഷേധം. മീടു ക്യാമ്പയിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ ഭാരമാതാവിനെ വരച്ചുവെന്നാണ് ഹെെന്ദവ സംഘടനകള്‍ ആരോപിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു ചിത്രപ്രദര്‍ശനം നടത്തിയതിനെതിരെ ചെന്നെെ ഡിജിപിക്ക് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, ഈ ചിത്രപ്രദര്‍ശനത്തിനെതിരെ നിരവധി ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വീതി വിരുധ വിഴ (സ്‍ട്രീറ്റ് അവാര്‍ഡ് ഫെസ്റ്റിവല്‍)യോട് അനുബന്ധിച്ച് രണ്ട് ദിന ചിത്രപ്രദര്‍ശനമാണ് ലയോള കോളജ് ഓള്‍ട്രനേറ്റ് മീഡിയ സെന്‍ററുമായി ചേര്‍ന്ന് സംഘടിപ്പിച്ചത്.

ഏറ്റവും കൂടുതല്‍ കലാരൂപങ്ങള്‍ ഒരു വേദിയിലെത്തുന്നതിന്‍റെ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ഗീയ കലാപങ്ങള്‍, ലെെംഗിക അതിക്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയെയും ആര്‍എസ്എസിനെയും ഹിന്ദുക്കളെയും അവഹേളിക്കാനാണ് ശ്രമം നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എച്ച് രാജ പറഞ്ഞു. ഹിന്ദുക്കളുടെ പാരമ്പര്യത്തെ അപമാനിച്ച് ആളുകളെ ക്രിസ്തീയ മതത്തിലേക്ക് മാറ്റുന്ന നക്സലുകളാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തന്‍റെ രക്തം ഇത് കണ്ട ശേഷം തിളയ്ക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സൗന്ദര്‍രാജന്‍ പ്രതികരിച്ചത്. വിഷയത്തില്‍ മാപ്പ് പറയാന്‍ ലയോള കോളജ് തയാറായില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ ബിജെപി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.