ഇന്ത്യന്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ക്ക് പാക് അധിനിവേശകാശ്മീര്‍ ജനതയെ മനുഷ്യകവചമാക്കുന്നു. 

മുസാഫറാബാദ്: പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന്‍ പട്ടാളം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. 

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടപ്പാക്കുന്ന ആക്രമണപദ്ധതികള്‍ക്ക് പാക് അധിനിവേശകാശ്മീര്‍ ജനതയെ മനുഷ്യകവചമാക്കുന്നു എന്നതാണ് അവരുടെ ആരോപണം. ഇന്ത്യയുമായി അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടാവുമ്പോള്‍ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലുമായി പാക് അധിനിവേശ കാശ്മീരിലെ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രദേശിക പോലീസ് ബാറ്റണ്‍ ചാര്‍ജിംഗും വെടിവയ്പ്പും നടപ്പാക്കിയതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ 70 വര്‍ഷമായി തങ്ങളോട് വിവേചനപരമായ സമീപനമാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പാക് അധിനിവേശ പ്രദേശവാസികളുടെ നിരന്തര ആരോപണം. പാക് അധിനിവേശ കാശ്മീരിലെ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലും ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പാക് പോലീസും ആര്‍മിയും സ്വീകരിച്ചുവരുന്നത്.