മുമ്പ് രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത ഫാക്ടറിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. 2014ലെ കടം തിരിച്ച് പിടിക്കുന്ന ട്രെെബ്യൂണല്‍ നടത്തിയ ലേലത്തില്‍ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിയ സ്ഥലത്തെ ചൊല്ലിയാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്

അമേഠി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരുടെ പ്രതിഷേധം. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയ ആദ്യദിവസം തന്നെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

രാജീവ് ഗാന്ധി ഫൗണ്ടേഷനായി നല്‍കിയ സ്ഥലം തിരിച്ച് നല്‍കണമെന്ന ആവശ്യവുമായാണ് അമേഠിയിലെ സംറത് സെെക്കിള്‍ ഫാക്ടറിക്ക് സമീപം പ്രതിഷേധ പ്രകടനം നടന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ നിരാശരാണെന്ന് കര്‍ഷകര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ഇറ്റലിക്ക് തന്നെ തിരിച്ച് പോകണം. ഇവിടെ ആയിരിക്കാന്‍ അദ്ദേഹം അര്‍ഹിക്കുന്നില്ല.

രാഹുല്‍ തങ്ങളുടെ സ്ഥലം തട്ടിയെടുക്കുകയായിരുന്നുവെന്ന് സഞ്ജയ് സിംഗ് എന്നയാള്‍ പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്. മുമ്പ് രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത ഫാക്ടറിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. 2014ലെ കടം തിരിച്ച് പിടിക്കുന്ന ട്രെെബ്യൂണല്‍ നടത്തിയ ലേലത്തില്‍ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിയ സ്ഥലത്തെ ചൊല്ലിയാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ, യുപി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ ഈ സ്ഥലം ജെയിന്‍ സഹോദരന്മാരില്‍ നിന്ന് പാട്ടത്തിന് എടുത്തതായിരുന്നു. പിന്നീട്, ആ കമ്പനി പൂട്ടിപ്പോയി. എന്നാല്‍, 2015ല്‍ അമേഠി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് യുപി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന് തന്നെ സ്ഥലം തിരിച്ച് നല്‍കാന്‍ ഉത്തരവിട്ടു.

എന്നാല്‍, ആ ഉത്തരവ് നിലനില്‍ക്കുമ്പോഴും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥലം കെെവശം വെയ്ക്കുകയായിരുന്നു. ബിജെപി നേതാവ് സ്മൃതി ഇറാനിയും കര്‍ഷകരുടെ സ്ഥലം രാഹുല്‍ തട്ടിയെടുത്തതെന്ന ആരോപണവുമായി രംഗത്ത് വന്നു.