എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തി ദേശായി തീരുമാനം അറിയിച്ചിരിക്കുന്നത്. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകത്ത് തുടരുന്ന തൃപ്തിക്കെതിരെ ആളുകള്‍ ഫേസ്ബുക്കിലൂടെയും പ്രതിഷേധം അറിയിക്കുന്നുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായി അറിയിച്ചുള്ള തൃപ്തിയുടെ പോസ്റ്റിന്‍റെ താഴെ ഗോ ബാക്ക് മുദ്രാവാക്യങ്ങളാണ് ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നവര്‍ മുഴക്കുന്നത്. ഇതിനിടെയിലും എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തി ദേശായി തീരുമാനം അറിയിച്ചിരിക്കുന്നത്.
തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. പുലര്‍ച്ചെ 4.45ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധം നടക്കുന്നുണ്ട്.
മറ്റ് അഞ്ച് സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ട്. സംഘം എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പൊലീസ് തള്ളിയിരുന്നെങ്കിലും നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രീ പെയ്ഡ് ടാക്സി തൊഴിലാളികള്‍ ഇത് അംഗീകരിച്ചില്ല.

