ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ വൈകിട്ട് 6 മുതൽ 7 വരെയാണ് ജ്യോതി തെളിക്കുക.

കോട്ടയം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ. എൻ എസ് എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ലിംഗനീതിക്ക് വേണ്ടിയുള്ള സർക്കാറിന്‍റെ സി പി എമ്മിൻറേയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയിൽ എതിർത്ത എൻ എസ് എസ് വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ജ്യോതിയിൽ അണിചേരാമെന്ന നിലപാടെടുത്തത് നിർണ്ണായകമായി, ബി ജെ പി ആഗ്രഹിച്ച പിന്തുണ കിട്ടിയപ്പോൾ സി പി എമ്മും കോൺഗ്രസ്സും എൻ എസ് എസിനെ വിമർശിച്ചു. പക്ഷെ എൻ എസ് എസ് നേതാക്കൾ നേരിട്ട് ജ്യോതിയിൽ പങ്കെടുക്കില്ല. 

അതേസമയം, മുൻ ഡിജിപി ടി പി സെൻകുമാർ, പി എസ് സി ചെയർമാനായിരുന്ന കെ എസ് രാധാകൃഷ്ണൻ അടക്കമുള്ളവർ ജ്യോതിയിൽ അണിചേരുന്നത് ബി ജെ പി പ്രചാരണമാക്കുന്നു. ബി ജെ പിയുടെ ശബരിമല സമരത്തിന് വീര്യം കുറഞ്ഞെന്ന് ആക്ഷേപം ഇടക്ക് പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. എന്നാൽ, വീണ്ടും യുവതികൾ മലചവിട്ടാനെത്തിയതോടെ ജ്യോതി അടക്കമുള്ള തുടർസമരങ്ങളുടെ പ്രസക്തി കൂടിയെന്നാണ് പാർട്ടി നിലപാട്.