ദുബായ്: രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ്റ്റു ബി ആന്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍. പ്രവാസലോകത്തെ 16 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള പിടിബിഐ സംഘം ഈ മാസം 22ന് ഡല്‍ഹിയിലേക്ക് യാത്രതിരിക്കും.

ഇന്ത്യയെ അടുത്തറിയാനുള്ള യാത്രയ്‌ക്കായി പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്‌തകങ്ങളില്‍ അറിഞ്ഞ ഇന്ത്യയെ അടുത്തറിയാനുള്ള ആകാംക്ഷയിലാണ് ദുബായ് ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ നേഹാ സുല്‍ഫിയും അന്നാ തോമസും. തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ നേഹ മികച്ചൊരു പാട്ടുകാരി കൂടിയാണ്. ഒരുതവണ പരാജയപ്പെട്ട കോട്ടയം സ്വദേശിനി അന്നാ തോമസ് ഇത്തവണ കഠിനാധ്വാനത്തിലൂടെയാണ് ന്യൂസ് പ്രൗഡ്റ്റു ബി ആന്‍ ഇന്ത്യന്‍ പരീക്ഷയില്‍ വിജയിയായത്. ഇന്ത്യയുടെ ചരിത്രപ്രധാനസ്ഥലങ്ങളിലൂടെയുള്ള യാത്ര എന്നതിനേക്കാള്‍ ഉപരി, രാഷ്‌ട്രപതിയെ നേരില്‍ കാണാനാകുന്നതിന്റെ ആവേശത്തിലാണ് അന്നാ തോമസ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.