റെയിൽവേ സ്റ്റേഷനിൽ 'പുലിയിറങ്ങി' , യാത്രക്കാര്‍ റെയില്‍വേ നിയമം പഠിച്ചു!

തൃശൂര്‍: റെയില്‍വേ നിയമങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവല്‍ക്കരിക്കാൻ പുലി ഇറങ്ങി. തൃശൂര്‍ സ്റ്റേഷനിലാണ് റയിൽവേയുടെ പുലിക്കളി. ജനക്കൂട്ടത്തിലേക്ക് പുലികൾ ചാടിയിറങ്ങി. കരിമ്പുലിയും പുള്ളിപ്പുലിയും വരയൻപുലിയും. തൃശൂർ റെയിൽവ്വേ സ്റ്റേഷനിൽ തീവണ്ടി കാത്തിരുന്നവർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് പുലികളുടെ ചുറ്റുംകൂടി.

നിയമം തെറ്റിക്കുന്നവർക്ക് സ്നേഹത്തോടെ പുലികളുടെ ഉപദേശം. റെയിൽവ്വേ പാളം അലക്ഷ്യമായി മുറിച്ചു കടക്കരുത്. അജ്ഞാതരായ കുട്ടികളെ കണ്ടാൽ ചൈൽഡ് ലൈനെ വിവരമറിയിക്കണം. ഓടുന്ന വണ്ടിയിൽ ചാടിക്കയറരുത്. വീണ്ടും പിഴവ് ആവർത്തിക്കാതിരിക്കാൻ ലഘുലേഖകളിലൂടെ ബോധവത്കരണം. തൃശൂർ അയ്യന്തോൾ പുലിക്കളി സംഘവുമായി ചേർന്ന് റെയിൽവേയും ആർപിഎഫുമാണ് വ്യത്യസ്തമായ ബോധവത്കരണം ഒരുക്കിയത്. ആറ് പുലികളും ചേർന്ന് രണ്ട് പ്ലാറ്റ്ഫോമുകളിലും പുലിക്കളി പ്രകടനം നടത്തിയാണ് റെയിൽവേ സ്റ്റേഷൻ വിട്ടത്.