കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും റിമാന്‍ഡ് ചെയ്‌തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുനിലിനെയും വിജീഷിനെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരും കേസിലെ അഞ്ചും ആറും പ്രതികളായാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കസ്റ്റഡി അപേക്ഷയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ വൈകിയതിനാലാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. സുനിലിനെയും വിജേഷിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റിലായ സുനിയെയും വിജീഷിനെയും വിശദമായി ചോദ്യം ചെയ്‌തശേഷമാണ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ശിവരാത്രി പ്രമാണിച്ച് കോടതി അവധിയായതിനാലാണ് പ്രതികളെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം കോടതിയില്‍നിന്നാണ് സുനിലിനെയും വിജേഷിനെയും പൊലീസ് പിടികൂടിയത്. കീഴടങ്ങാനെത്തിയ പ്രതികളെ കോടതി മുറിയില്‍നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് പിടികൂടിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്‌ത പ്രതികളെ കൊച്ചി നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും പുലര്‍ച്ചെ വരെ തുടര്‍ന്നിരുന്നു.
