കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കോടതിയിൽ കീഴടങ്ങാൻ എത്തിയതും തന്‍റെ ഇഷ്ടവാഹനമായ പൾസറിൽ തന്നെ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള (TN-04 R 1496) ബൈക്കിൽ എത്തിയ സുനിയും ബിജീഷും ഹെൽമറ്റ് ധരിച്ച് പോലീസിനെ കബളിപ്പിച്ചാണ് കോടതി മുറിക്കുള്ളിൽ കടന്നത്. എന്നാൽ പ്രതികളുടെ സാന്നിധ്യം മനസിലാക്കിയ അഭിഭാഷകൻ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് ഇരുവരെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൾസർ ബൈക്കുകളോടുള്ള പ്രിയമാണ് ഇയാൾക്ക് സുഹൃത്തുക്കളുടെ ഇടയിൽ പൾസർ സുനി എന്ന പേരിന് കാരണമായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുനി കേസുണ്ടായാൽ ഒളിവിൽ പോയ ശേഷം കോടതിയിൽ കീഴടങ്ങുന്നതായിരുന്നു പതിവ്. ഇത് മുൻകൂട്ടി മനസിലാക്കിയാണ് സുനി കീഴടങ്ങാൻ സാധ്യതയുള്ള കോടതികളിൽ മഫ്തിയിൽ പോലീസ് നിലയുറപ്പിച്ചിരുന്നത്.

സുനി എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനം ആരുടെ പേരിൽ രജിസ്റ്റർ ചെയ്തുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിച്ച ശേഷം ഒളിവിലായിരുന്ന സുനിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.