കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വീണ്ടും പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. ദിവസങ്ങളായി സര്‍വ്വ സന്നാഹവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന തെരച്ചില്‍ അതിജീവിച്ച് ഒളിവില്‍ കഴിയുന്ന സുനിയെ ഇന്നലെ രാത്രി പിടികൂടാനായിരുന്നു പൊലീസിന്റെ പദ്ധതിയെങ്കിലും അവസാന നിമിഷം ഇത് പാളുകയായിരുന്നു. നേരത്തെ അമ്പലപ്പുഴയില്‍ നിന്നും പൊലീസിന്റെ പിടിയില്‍ നിന്ന് തലനാരിഴക്ക് ഇയാള്‍ രക്ഷപെട്ടിരുന്നു.

കൊച്ചിയിലെ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലാണ് പള്‍സര്‍ സുനിയെ പിടുകൂടാനുള്ള തെരച്ചില്‍ നടക്കുന്നത്. ഇന്നലെ രാത്രി കോയമ്പത്തൂര്‍ നിന്ന് സുനിയെ പിടികൂടാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഓപറേഷനാണ് പാളിയത്. ഇയാളുടെ ഒളിത്താവളം ഏകദേശം മനസിലാക്കിയ പൊലീസ് സംഘം രാത്രിയോടെ ഇവിടെ എത്തുകയായിരുന്നു. എന്നാല്‍ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് സുനി ഒളിത്താവളത്തില്‍ നിന്ന് രക്ഷപെട്ടു. ഇതോടെ കോയമ്പത്തൂരില്‍ കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വ്യാപകമായ തെരച്ചിലാണ് കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും നടത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇയാളെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.