പുണെ: എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യൽ മീഡിയയിലൂടെ കളള പ്രചരം നടത്തിയ ദമ്പതികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എവറസ്റ്റിന് മുകളിൽ നിൽക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചതിനാണ് പൂണെയിലെ പൊലീസ് കോൺസ്റ്റബിൾമാരായ ദിനേഷ് റാത്തോഡിയുടെയും ഭാര്യ താരകേശ്വരിയുടെയും ജോലി നഷ്ടപ്പെട്ടത്.
2016 മെയിലാണ് ദമ്പതികൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ ദമ്പതികളാണ് തങ്ങളെന്ന് പ്രചരിപ്പിച്ച ഇവരുടെ ഫോട്ടോ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. മറ്റാരുടെയോ ഫോട്ടോ ഇവര്‍ ഫോട്ടോഷോപ്പ് ചെയ്ത് തങ്ങളുടെതാക്കുകയായിരുന്നു.
ഇതോടെ അന്വേഷണവിധേയമായി ഇവരെ 2016 നവംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിലെ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ഇപ്പോൾ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്.
രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇവരെ പത്ത് വർഷത്തേക്ക് നേപ്പാൾ സർക്കാർ വിലക്കികൊണ്ട് ആഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പൂണെ പൊലീസും നേപ്പാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
