പൂനെയിലെ ഹിന്‍ജാവാഡി പ്രദേശത്താണ് അഞ്ജലിയുടെ ക്ലിനിക്ക്. നെറ്റിയ്‌ക്ക് വെടിയേറ്റയുടന്‍ അഞ്ജലിയുടെ മരണം സംഭവിച്ചിരുന്നു. പിന്നീട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒരാഴ്‌ച മുമ്പ് ഇരുപതിനായിരം രൂപ നല്‍കി വാങ്ങിയ നാടന്‍ തോക്കാണ് കൊലയ്‌ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മനോജിന്റെ മൂന്നാം ഭാര്യയാണ് അഞ്ജലി. ഇന്നലെ വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്ന് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ജലിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട മനോജിനെ ഇന്നലെ രാത്രി മധ്യപ്രദേശില്‍നിന്നും പിടികൂടി. കൊലപാതകത്തിനു ശേഷം ഒന്നര വയസുള്ള കുട്ടിയെയും എടുത്താണ് മനോജ് മധ്യപ്രദേശിലേക്ക് കടന്നത്. മനോജിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

അതേസമയം മനോജ് പാഠിധറിന്റെ ആദ്യ രണ്ടു ഭാര്യമാരുടെ മരണവും ദുരൂഹസാഹചര്യത്തിലാണെന്ന വിവരം പൊലീസ് അന്വേഷിച്ചുവരുന്നു. ആദ്യ ഭാര്യമാരുടെ മരണം ആത്മഹത്യ ആയിരുന്നുവെന്നാണ് മനോജ് പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.