തിരുവനന്തപുരം: നൂറിന്റെ നിറവിലും 86 വര്‍ഷത്തെ ചെണ്ടമേളമെന്ന വികാരം കൈവിടാതെ സൂക്ഷിക്കുകയാണ് പുഷ്‌ക്കരനാശാന്‍. തിരുവല്ലം പാച്ചല്ലൂര്‍ ചാന്നാരുവിളാകത്ത് വീടിന്റെ പടിവാതിക്കല്‍ എത്തുന്നവരെ വരവേല്‍ക്കുന്നത് താളഘോഷങ്ങളുടെ മനോഹര നാദമാണ്. അച്ഛനില്‍ നിന്നും ചെണ്ടയുടെ താളം പഠിച്ച മകന്‍ രാധാകൃഷ്ണനാണ് ചെണ്ട മേളത്തില്‍ ആകൃഷ്ടരായി എത്തുന്ന യുവതലമുറയ്ക്ക് ഇപ്പോള്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.
ക്ലാസിനിടയില്‍ മകന്റെ ചെറിയ പിഴവുകള്‍ പോലും പുഷ്‌കരനാശാന്‍ ചൂണ്ടിക്കാണിച്ചു തിരുത്തും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ആശാന്റെ ചെണ്ട എന്ന വികാരത്തിന് മുന്നില്‍ തടസ്സമാകുന്നില്ല. പതിനാലാം വയസ്സിലാണ് ആശാന്‍ ആദ്യമായി ഉത്സവ പറമ്പില്‍ മേളത്തിനായി പോകുന്നത്. നീണ്ട 86 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആയിരത്തിലേറെ ഉത്സവ പറമ്പുകളില്‍ ആശാന്റെയും സംഘത്തിന്റെയും ചെണ്ടതാളം മുഴങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ഏറെ നേരം നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ആശാന്‍ മേളത്തിന് പോകുന്നില്ല. അഞ്ച് വര്‍ഷത്തിന് മുന്‍പാണ് ആശാന്‍ അവസാനമായി മേളത്തിനിറങ്ങിയത്. ചെണ്ട എന്ന മനസില്‍ ഉറച്ച വികാരം ഇപ്പോഴും ആശാനേ അതിനോട് ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. ആശാന്റെ കൈവിരലുകളില്‍ സദാ തെളിയുന്ന താളം അതിന് ഉദാഹരണമാണ്.
തെക്കന്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ചെണ്ട വിദ്വാനാണ് പുഷ്‌ക്കരനാശാന്‍ എന്നു പറയുന്നു. നിലവിലെ ഭൂരിഭാഗം ചെണ്ടമേളക്കാരും ആശാന്റെ ശിഷ്യ ഗണത്തില്‍പ്പെടുന്നവരാണ്. വരുമാനം എന്നതിലുപരി ഒരു ആവേശമായിരുന്നു ചെണ്ട ആശാന്. അതിനിടയില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ആശാന്‍ മറന്നു. ഇതുവരെ അവഗണന മാത്രമാണ് ആശാന് ലഭിച്ചിട്ടുള്ളത്. ഇന്ന് ചെളികട്ട കൊണ്ട് നിര്‍മ്മിച്ച ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ആശാനും മക്കളും താമസിക്കുന്നത്.
ചോര്‍ന്നൊലിക്കുന്നതിനാല്‍ ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര മറച്ചിട്ടുണ്ടെങ്കിലും ശക്തമായ മഴയത് ഏതുനിമിഷവും ഇത് തകരുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിലൊന്നും ആശാന് പരാതിയും പരിഭവങ്ങളും ഇല്ല. ചെണ്ട മേളം എന്ന പാരമ്പര്യ കലയെ നിലനിറുത്താനും അര്‍ഹമായ ആദരവ് നല്‍കാനും സാംസ്‌കാരിക വകുപ്പ് തയ്യാറാകണം എന്നത് മാത്രമാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
