വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യൻ ഇടപെടലുണ്ടായത് പ്രസിഡന്റ് വ്ലാദിമർ പുചിന്റെ ഉത്തരവ് പ്രകാരമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ. ഇത് സംബന്ധിച്ച് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഏജൻസികൾ വിശദീകരണം നൽകി. റഷ്യക്കെതിരായ കണ്ടത്തലുകളെ പരസ്യമായി അംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും ഏജൻസികളോട് ബഹുമാനമണ്ടെന്ന് ട്രംപ് പ്രതികരിച്ചു.

‍ഡമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖരുടെ ഇമെയിലുകൾ ചോർത്തി പുറത്തുവിട്ടതടക്കം അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാധിനിക്കാൻ റഷ്യ പലതരത്തിൽ ഇടപെട്ടെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആരോപണം. എന്നാൽ ഇത് സംബന്ധിച്ച രേഖകൾ തനിക്ക് നൽകാൻ ഏജൻസികൾ വൈകിക്കുന്നത് തെളിവുകൾ കെട്ടിച്ചമയ്ക്കാനാണെന്ന് ട്രംപ് പരിഹസിച്ചിരുന്നു. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ വിശദീകരിച്ചു.

അന്വേഷണ റിപ്പോ‍ർട്ടിലെ ചില ഭാഗങ്ങൾ മാധ്യമങ്ങൾക്കും നൽകിയിട്ടുണ്ട്. അതിലാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ ഇടപടലുണ്ടായതെന്ന വിവരമുള്ളത്.ട്രംപിനെ ജയിപ്പിക്കാനും അമേരിക്കൻ ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നടന്നത്. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ ട്രോളുകളടക്കം ഉപയോഗിച്ച് പ്രചാരണം നടത്തി.

പിന്നിൽ പ്രവർത്തിച്ച റഷ്യൻ ഏജന്‍റുമാരെ തിരിച്ചറിയാൻ കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട്. എന്നാൽ പുറത്തുവിട്ട രേഖകളിൽ ഇക്കാര്യങ്ങൾക്കുള്ള തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ല. മുന്പ് ഇന്‍റലിജൻസ് ഏജൻസികളെ പരിഹസിച്ച ട്രംപ് പക്ഷേ കൂടിക്കാഴ്ചയ്ക്ക് ശേഷം അവരെ പ്രശംസിച്ചു. റഷ്യക്കെതിരായ ആരോപണം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിലും റഷ്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്താൻ നിരന്തരം ശ്രമിക്കുകയാണെന്ന് ട്രംപ് പറ‍ഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ ശ്രദ്ധക്കുറവാണ് ഹാക്കിംഗിന് കാരണമെന്നും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.