പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി ഉല്‍സവത്തിന്റെ ഭാഗമായുള്ള മല്‍സര വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആചാരപരമായ വെടിക്കെട്ട് എന്ന നിലയിലാണ് കമ്പം തുടങ്ങിയത്. ആവേശം മൂര്‍ച്ഛിച്ചതോടെ കൃഷ്ണൻകുട്ടി ആശാനും സുരേന്ദ്രനാശാനും തമ്മില്‍ മത്സരമായി. പൊട്ടിക്കാൻ കൊണ്ടുപോയ കമ്പത്തില്‍ തീപ്പൊരി ചിതറി. പിന്നോട്ടോടിയ തൊഴിലാളി ചെന്നുകയറിയത് വൻ സ്ഫോടക ശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയില്‍. കോണ്‍ക്രീറ്റ് കെട്ടിടമായ കമ്പപ്പുര വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു..ചുറ്റുംകൂടിനിന്ന ആയിരക്കണക്കിന് പേരുടെ ഇടയിലെക്ക് കോണ്‍ക്രീറ്റ് പാളികള്‍ ശക്തമായി പതിച്ചു.

കൊല്ലത്തെയും തിരുവന്തപുരത്തെയും ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു.1443 പേര്‍ക്കാണ് പരിക്കേറ്റത്..ഒപ്പമിരുന്ന് ഉത്സവം കണ്ടിരുന്നവര്‍ നിമിഷനേരം കൊണ്ട് ഇല്ലാതയപ്പോള്‍ പുറ്റിങ്ങലിനൊപ്പം രാജ്യവും നടുങ്ങി. പ്രധാനമന്ത്രി പുറ്റിങ്ങലിലെത്തി ..പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മന്ത്രിസഭായോഗം കൊല്ലത്ത് ചേര്‍ന്നു..ദില്ലിയില്‍ നിന്ന് പ്രത്യേക മെഡിക്കല്‍ സംഘം കേരളത്തിലേക്ക്. ദേശീയ നേതാക്കളുള്‍പ്പടെയുള്ളവര്‍ കൊല്ലത്തെത്തി.വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടും പൊലീസ് അത് തടഞ്ഞില്ല എന്ന ആരോപണവുമായി കൊല്ലം കളക്ടര്‍ രംഗത്തെത്തി.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകള്‍ പിന്നീട് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെടിക്കെട്ടിന് രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ടായി.ഒളിവില്‍ കഴിഞ്ഞിരുന്ന ക്ഷേത്രഭാരവാഹികളും കരാറുകാരൻ കൃഷ്ണൻകുട്ടിയും പിടിയിലാകുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 12 ലക്ഷമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപയും. വീട് നശിച്ചവര്‍ക്കുള്ള നഷ്ടടപരിഹാരം ഇനിയും നല്‍കാനുണ്ട്. 52 പ്രതികളും 1,658 സാക്ഷികളും 110 പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകളും 450 തെളിവുകളും ഉള്ള കേസില്‍ കുറ്റപത്രം ഇതുവരെ ആയിട്ടില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷ്ണയും കിഷോറും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ബിന്ദു അങ്ങനെ ഒരു നിമിഷത്തെ അശ്രദ്ധ അനവധി ജീവിതങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയത്. ഒരു വര്‍ഷമായിട്ടും ക്രൈംബ്രാഞ്ചിന് കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല. ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കാൻ ഇനിയും സാധിച്ചിട്ടില്ല.