കാസര്‍കോട്: കാസര്‍കോട് നീലേശ്വരം കടിഞ്ഞി മൂലയിലെ പി.വി.ദിവാകരന്‍ ആളൊരു പുലിയാണ്. വെറും പുലിയല്ല പുപ്പുലിയെന്നുതന്നെ പറയാം. അത്രയ്ക്കുണ്ട് ദിവാകരന്റെ കഴിവുകള്‍. കള്ള് ചെത്തും, തോണിനിര്‍മ്മാണവുമായി നടന്ന, പത്താം ക്ലാസുവരെ പഠിച്ചിട്ടുള്ള ദിവാകരന്‍ ഇപ്പോള്‍ നാട്ടിലെ ശാസ്ത്രജ്ഞന്‍ എന്നാണ് അറിയപ്പെടുന്നത്. കാര്‍ഷികമേഖലയില്‍ ഈ 60 കാരന്‍ നടത്തിയ പരീക്ഷണങ്ങളും അവയുടെ ഞെട്ടിക്കുന്ന വിജയങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ദിവാകരനെ ആദരിക്കാത്തവരില്ല. 

നാട്ടുകാര്‍ മുതല്‍ മന്ത്രിമാരില്‍ നിന്നടക്കം കാര്‍ഷിക പരീക്ഷണത്തിനുള്ള പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ദിവാകരന്‍ എപ്പോള്‍ കേന്ദ്ര സര്‍വകലാശാലയില്‍ എത്തിക്‌സ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ്. കള്ളു ചെത്ത് തൊഴിലാളിയായ ദിവാകരന്‍ ആദ്യം നടത്തിയ പരീക്ഷണം കള്ളില്‍ നിന്ന് തന്നെയാണ്. പൂങ്കുലയില്‍ നിന്നും കൂടുതല്‍ കള്ള് ഉല്പാദിപിക്കാനുള്ള ടെക്‌നോളജിയും ലഹരിയില്ലാത്ത മധുരപാനീയം (ഇന്നത്തെ നീര) കണ്ടുപിടിച്ചതും ദിവാകരനാണ്. നീര ടോണിക്, ജാം, ചോക്കലേറ്റ്, ഐസ്‌ക്രീം, പാല്‍പൊടി, പെസ്റ്റ് എന്നിവ നീരയില്‍ നിന്നും കണ്ടെത്തിയ ദിവാകരന്‍ പിന്നീട് ഇങ്ങോട്ട് കാര്‍ഷിക പരീക്ഷണങ്ങളുടെയും അവയുടെ വിജയത്തിന് പിന്നാലെയുമാണ്.

കടിഞ്ഞിമൂലയിലെ പുഴയോരത്തെ ഒരേക്കര്‍ ഭൂമിയില്‍ ദിവാകരന്‍ തന്റെ കഴിവുകളാല്‍ ഒരുക്കിയ പ്രകൃതിയുടെ വര്‍ണ്ണ വിസ്മയം തന്നെയുണ്ട്. ഔഷധ സസ്യങ്ങളും, ചെടികളും, ചിരട്ടയില്‍ തീര്‍ത്ത പട്ടിക്കൂട്, ചെമ്പരത്തി ചെടിയില്‍ വിളയുന്ന അനാര്‍ പഴം, എന്നിങ്ങനെ നീളും പട്ടിക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി സര്‍വകലാശാലയുടെ മികച്ച കര്‍ഷക ശാസ്ത്രജ്ഞനായി തെരഞ്ഞെടുത്തത് ദിവാകരനെയാണ്. 

പുരസ്‌ക്കാരങ്ങള്‍ ഓരോന്നായി ദിവാകരനെ തേടിയെത്തുമ്പോഴും ഓരോരോ പരീക്ഷണങ്ങളുമായി ദിവാകരന്‍ വീണ്ടും താരമാകും. ചെടികളിലും മണ്ണിലും വിരിയുന്നതായിരിക്കും ദിവാകരന്റെ പുത്തന്‍ പരീക്ഷണങ്ങള്‍. അത്തരത്തിലുള്ള വിജയങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ദിവാകരന്‍ കാണിക്കുന്ന സാഹസം ചെറുതല്ല. സ്വന്തം വീട്ടിലെ കാര്‍ഷിക നേഴ്സ്സറിയില്‍ നിന്നും ദിവാകരന്‍ വളര്‍ത്തിയ ഒരുലക്ഷം കണ്ടല്‍ ചെടികള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴയോരങ്ങളില്‍ യാതൊരു പ്രതിഫലവും കൂടാതെ ദിവാകരന്‍ വച്ചു പിടിപ്പിച്ചു.

വിവിധ സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ രഷ്ട്രീയ യുവജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഇത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജീവനം എന്ന പേരില്‍ ദിവാകരന്‍ സ്‌കൂള്‍ മുറ്റങ്ങളില്‍ ഔഷധ തോട്ടങ്ങളും സൗജന്യമായി നിര്‍മ്മിച്ച് നല്‍കി വരുന്നു. ഇതിനകം ദിവാകരന്റെ ജീവനം പദ്ധതി നൂറ് സ്‌കൂളുകള്‍ പിന്നിട്ടു. ഇതേ പദ്ധതി കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ വളപ്പിലും ദിവാകരന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനകം പതിനായിരത്തോളം ഔഷധ ചെടികളും ദിവാകരന്‍ വിതരണം നടത്തിയിട്ടുണ്ട്.

പുരസ്‌ക്കാരങ്ങള്‍ ഏറെ ദിവാകരന് ലഭിച്ചിട്ടുണ്ടെങ്കിലും ഒരുചടങ്ങില്‍ വെച്ച് കാസര്‍കോട് കളക്ടര്‍ ജീവന്‍ബാബു നിലവിളക്ക് കൊളുത്താന്‍ ആവശ്യപ്പെട്ടത് മഹാഭാഗ്യമായി കാണുന്നുവെന്ന് ദിവാകരന്‍ പറയുന്നു. 2007 ല്‍ റോട്ടറി ക്ലബിന്റെ ബെസ്‌റ് ഫെര്‍ഫോമന്‍സ് അവാര്‍ഡ്. 2008 ല്‍ കാര്‍ഷിക സര്‍വകലാശാലയുടെ ശാസ്ത്രജ്ഞ അവാര്‍ഡ്. മൃഗ സംരക്ഷണ അവാര്‍ഡ്. 2015 ലെ കേരള വനം വന്യജീവി അവാര്‍ഡ് തുടങ്ങി നൂറിലധികം പുരസ്‌കാരങ്ങളും ദിവാകരന്‍ നേടിയിട്ടുണ്ട്.

അവാര്‍ഡുകളും പുരസ്‌കാരങ്ങളും ഒക്കെയായി ദിവാകരന്‍ മാധ്യമങ്ങളിലും താരമാകുമ്പോഴും കള്ള് ചെത്ത് ഇന്നും മുടക്കിയിട്ടില്ല. ആലാമിപ്പള്ളിയിലെ കള്ളുഷാപ്പില്‍ ദിവസം പത്ത് ലിറ്റര്‍ കള്ളുമായി നാട്ടിലെ ശാസ്ത്രജ്ഞന്‍ എത്തും. രേണുകയാണ് ഭാര്യ. മൂന്ന് മക്കളുമുണ്ട്. പശു പരിപാലനവും കൃഷി നനക്കലും ചെയുന്നത് രേണുകയാണ്.