ഇന്ത്യൻ സ്കൂളുകളിൽ ആവശ്യത്തിന് സീറ്റുകളില്ലെന്ന വർഷങ്ങളായി നിലനിൽക്കുന്ന പരാതിക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഉത്തരവ്. ഇന്ത്യൻ സ്കൂളുകളിൽ   അടുത്ത വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ പുതിയ ആറു സ്കൂളുകളിൽ കൂടി സീറ്റ്  ലഭ്യത ഉറപ്പു വരുത്തുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. അതെ സമയം അനുവദിക്കപ്പെട്ടതിൽ കൂടുതൽ വിദ്യാർത്ഥികൾ പടിക്കുന്നതിനാൽ  നിലവിലെ 2 ഇന്ത്യൻ സ്കൂളുകൾക്ക് പുതിയ അധ്യയന വര്ഷം  പ്രവേശനം നടത്താനുള്ള അനുമതി നിഷേധിച്ചതായും    സ്വകാര്യ സ്കൂൾ വിഭാഗം  ഡയറക്ടർ കൂടിയായ ഹമദ് അൽ ഗലി അറിയിച്ചു .

സുരക്ഷാ പിഴവുകൾ  ചൂണ്ടിക്കാട്ടിയാണ്  ഖത്തറിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഏം  ഇ എസ് ഇന്ത്യൻ സ്കൂളിലും  ഐഡിയൽ ഇന്ത്യൻ   സ്കൂളിലും   അടുത്ത വര്ഷം പുതിയ പ്രവേശനം  നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിവരം. അയ്യായിരം കുട്ടികൾക്ക് മാത്രം അനുമതിയുള്ള എം.ഇ.എസ് സ്കൂളിൽ നിലവിൽ എണ്ണായിരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

2800 കുട്ടികൾക്ക് മാത്രം അനുമതിയുള്ള ഐഡിയൽ സ്കൂളിൽ ഇരട്ടിയിലധികം  6000 ത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതാണ് പുതിയ വിദ്യാർത്ഥി പ്രവേശനത്തിന് അനുമതി നിഷേധിക്കാനുള്ള  കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തു പ്രവർത്തിക്കുന്ന മറ്റു സ്വകാര്യ ഇന്ത്യൻ സ്കൂളുകളിൽ 2017-18 വര്ഷം പ്രവേശനം സാധാരണ പോലെ നടക്കും എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രവേശനം തേടുന്ന  എല്ലാ കുട്ടികളെയും  ഉൾക്കൊള്ളിക്കാൻ സൗകര്യമില്ലാത്തതിനാൽ ആറ് പുതിയ സ്കൂളുകൾ കൂടി  ആരംഭിക്കുന്നത് രക്ഷിതാക്കൾക്ക്  ആശ്വാസമാവും.