ഖത്തര്‍: സാമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കനത്ത ചൂടിനെ തുടര്‍ന്ന് ഖത്തറില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു മുമ്പ് നിജസ്ഥിതി ഉറപ്പു വരുത്തണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

 വാര്‍ത്തയുടെ ശരിയായ ഉറവിടം മനസിലാക്കാതെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും അനാവശ്യ ഭീതിയും ഉണ്ടാക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ അതി കഠിനമായ ചൂട് വരാന്‍ പോകുന്നുവെന്നും റെഡ് അലെര്‍ട് പ്രഖ്യാപിച്ചെന്നുമുള്ള വാര്‍ത്ത കുറച്ചു ദിവസങ്ങളായി സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഈ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നിരവധി പേര്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വുകൂദ് പെട്രോള്‍ പമ്പുകളില്‍ കൃത്രിമത്വം കാണിച്ചു ഉപഭോക്താക്കളെ വഞ്ചിക്കുന്നതായി കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയും മന്ത്രാലയം ഓര്‍മപ്പെടുത്തി. വാര്‍ത്ത നിഷേധിച്ചു പിന്നീട് കമ്പനി പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും പിടിക്കപ്പെട്ടാല്‍ തക്കതായ ശിക്ഷ നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. വാര്‍ത്തയുടെ സ്രോതസ്സുമായോ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുമായോ ബന്ധപ്പെട്ട് സത്യാവസ്ഥ പരിശോധിക്കണമെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശംര നല്‍കിയിട്ടുണ്ട്.